കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതി ആണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേരളത്തിന് ഈ വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചത് 0 തുകയാണ്. എന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.
സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും ഒക്കെ ഈ കേന്ദ്ര ഫണ്ടിൽനിന്നാണ് നൽകുന്നത്. ഇതിനാണ് ബിജെപി സർക്കാർ തടയിടുന്നത്. സംസ്ഥാന ബിജെപി നേതൃത്വം കൂടി അറിഞ്ഞുകൊണ്ടാണ് കേന്ദ്രസർക്കാർ ചെയ്യുന്നത് എന്നും മന്ത്രി കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ നിലവാരത്തിൽ കേരളം രാജ്യത്തിന് മാതൃകയാണ്. കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങളിലും കേരളം മികച്ചു നിൽക്കുന്നു. ബീഹാറിനും മധ്യപ്രദേശിനും ഒഡീഷയ്ക്കും ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം നൽകി. എന്നിട്ടും കേരളത്തിന് തന്ന ഫണ്ട് എന്നത് പൂജ്യമാണ്. 1148 കോടി രൂപ എസ്എസ്കെയ്ക്ക് മാത്രം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. എസ് എസ് കെ യ്ക്ക് നൽകാനുള്ള തുക നൽകണം. ഫണ്ട് ലഭിച്ചില്ലെങ്കിൽ ഉത്തരവാദിത്വം ബിജെപിക്ക് ആണെന്നും ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണം എന്നും മന്ത്രി പറഞ്ഞു.
അതേസമയം സർക്കാരിന്റെ ഓണാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ജി ആർ അനിൽ എന്നിവർ നേരിൽക്കണ്ട് ഗവർണറെ ക്ഷണിക്കും. മന്ത്രി പറഞ്ഞു.