കോതമംഗലം വടക്കുംഭാഗത്ത് കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിൻ്റെ പുരയിടത്തിലെ കിണറ്റിലാണ് കാട്ടു കൊമ്പൻ വീണത്. കര കയറിയ ഉടനെ ആന കാട്ടിലേയ്ക്ക് രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട ദൗത്യമാണ് ഒടുവിൽ പരിസമാപ്തിയിൽ എത്തിയത്.
നേരത്തേ ആനയെ കരകയറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വന്യജീവിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാതെ ആനയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ സ്ഥലത്ത് എത്രയും വേഗം ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ജില്ലാ കളക്ടർ നാട്ടുകാർക്ക് ഉറപ്പുനൽകി. അതോടെയാണ് പ്രതിഷേധത്തിന് അറുതിയായത്. പ്രദേശത്ത് സ്ഥിരമായി ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്ന ആനയാണ് കിണറ്റിൽ വീണിരിക്കുന്നതെന്നാണ് നാട്ടുകാർ പറഞ്ഞത്.
ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ ഇതേ രീതിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവം ഉണ്ടായിരുന്നു. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഭാഗങ്ങള്‍ ഇടിച്ച് മണിക്കൂറുകളോളമുള്ള പരിശ്രമത്തിന് ശേഷമായിരുന്നു അന്ന് കാട്ടാനയെ പുറത്തെത്തിച്ചത്.