അമ്മയുടെ ഭരണസമിതിയെ തെരഞ്ഞെടുപ്പ്: വോട്ടിംഗ് അവസാനിച്ചു


താരസംഘടനയായ അമ്മയുടെ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് അവസാനിച്ചു. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. ഗിന്നസ് പക്രുവാണ് അവസാനം വോട്ട് ചെയ്തത്. രണ്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്‍റെ ഫലപ്രഖ്യാപനം നാല് മണിക്ക് നടക്കും. വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുക. അതേസമയം പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.

ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിക്കുന്നു. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കുന്നു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.

11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ്‌ കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال