ന്യൂഡല്‍ഹി: ആണവഭീഷണി വിലപ്പോവില്ലെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്കായുള്ള പുതിയ പദ്ധതി പ്രഖ്യാപനവും ജിഎസ്ടി പരിഷ്‌കരണം ഉണ്ടാകുമെന്ന പ്രഖ്യാപനവും പ്രസംഗത്തിലുണ്ടായി. 105 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ പഹല്‍ഗാം ആക്രമണവും ഓപ്പറേഷന്‍ സിന്ദൂറും അദ്ദേഹം പരാമര്‍ശിച്ചു.
പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിനപ്രസംഗമായിരുന്നു ഇത്. 2014 മുതല്‍ കഴിഞ്ഞവര്‍ഷം വരെയുള്ള പ്രസംഗങ്ങളിലെല്ലാമായി 93,000 വാക്കുകളാണ് മോദി ഉപയോഗിച്ചിരുന്നത്.നേരത്തേ പ്രധാനമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും വികസിതഭാരതം കെട്ടിപ്പടുക്കാനും കഠിനാധ്വാനം ചെയ്യാന്‍ ഈ ദിനം പ്രചോദനമാകട്ടെയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.