റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് ഇനി നേരിട്ട് പ്രവേശനമില്ല


കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് ഇനി നേരിട്ട് പ്രവേശനമില്ല. ഉറപ്പായ ടിക്കറ്റുകാർക്ക് (കൺഫേം ടിക്കറ്റ്) മാത്രമായിരിക്കും ഇനി പ്ലാറ്റ്‌ഫോമിൽ നേരിട്ട് പ്രവേശനം. രാജ്യത്ത് ആദ്യഘട്ടം 73 റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി വരുന്നത്. വണ്ടി വരുന്നതുവരെ വെയ്റ്റിങ് ലിസ്റ്റുകാർ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കണം.

ഇതിനായി സ്റ്റേഷന്‌ പുറത്ത് സ്ഥിരം കാത്തിരിപ്പ് കേന്ദ്രം വരും. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ അനധികൃത പ്രവേശന വഴികളും പൂട്ടും. ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരാണസി, അയോധ്യ, ഗാസിയാബാദ് സ്റ്റേഷനുകളിൽ പൈലറ്റ് പദ്ധതി തുടങ്ങി. തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് 60 ശതമാനമാക്കി കുറച്ചിരുന്നു. റിസർവ് കോച്ചുകളിലെ തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനു പിന്നാലെയാണ് റെയിൽവേയുടെ ഈ നടപടി.
2024-ലെ ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാൻ സ്റ്റേഷനുകൾക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങൾ (ഹോൾഡിങ് ഏരിയ) ഒരുക്കിയിരുന്നു. ന്യൂഡൽഹി, സൂറത്ത്, ഉധ്ന, പട്ന, പ്രയാഗ് എന്നീ സ്റ്റേഷനുകളിൽ വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞു.വണ്ടി പ്ലാറ്റ്ഫോമിൽ എത്തുമ്പോഴാണ്‌ യാത്രക്കാരെ പ്രവേശിപ്പിച്ചത്‌. കാത്തിരിപ്പ് സ്ഥലത്ത് തിരക്ക് നിയന്ത്രിക്കപ്പെട്ടപ്പോൾ പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറഞ്ഞു. ഇതാണ് ഇന്ത്യയിലെ വിവിധ സ്റ്റേഷനുകളിൽ പരീക്ഷിക്കുന്നത്.
സ്റ്റേഷന്റെയും ലഭ്യമായ വണ്ടികളുടെയും ശേഷി അനുസരിച്ച് ടിക്കറ്റുകളുടെ വിൽപ്പന നിയന്ത്രിക്കും. അനധികൃത കടന്നുവരവ് മനസ്സിലാക്കാൻ എല്ലാ ജീവനക്കാർക്കും സർവീസ് ഉദ്യോഗസ്ഥർക്കും പുതിയ മാതൃകയിൽ തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകും.
ജനക്കൂട്ട നിയന്ത്രണം ഉറപ്പാക്കാൻ ആർപിഎഫ്/ഗവ. റെയിൽവേ പോലീസ്/സംസ്ഥാന പോലീസ്/ബന്ധപ്പെട്ട റെയിൽവേ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിക്കും. വലിയ സ്റ്റേഷനുകളിൽ വാർ റൂമുകൾ വികസിപ്പിക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال