സുൽത്താൻബത്തേരി: വയനാട്ടിൽ ബജ്രംഗ്ദൾ പ്രവർത്തകർ പാസ്റ്ററുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി കയ്യേറ്റ ശ്രമം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുൽത്താൻബത്തേരി പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുക, സംഘം ചേർന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നായിരുന്നു ബജ്രംഗ്ദളിന്റെ ഭീഷണി. ബത്തേരി ടൗണിൽ വെച്ച് പാസ്റ്ററുടെ വാഹനം തടഞ്ഞ് ബജ്രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പോയ പാസ്റ്ററെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. 'ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ല. കാൽ വെട്ടിക്കളയും.' എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കൾ ഭീഷണി മുഴക്കുന്നത് വീഡിയയോയിൽ കാണാം.