വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്



കൊല്ലം: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്. യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സുരേഷ് ഗോപിയുടെ കോലവുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മാടൻനടയിലെ കുടുംബ വീടിന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു.ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. 'ഇന്ത്യയിലെ ജനാധിപത്യം ഇല്ലാതാക്കി, രാജ്യദ്രോഹി കത്തട്ടെ' എന്ന മുദ്രാവാക്യത്തിന്‍റെ അകമ്പടിയോടെയാണ് കോലം കത്തിച്ചത്. മഴയത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടർന്നു.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തൃശൂരിലെ ക്യാംപ് ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഓഫീസിന്‍റ ബോർഡിൽ കരിഓയിൽ ഒഴിച്ചു. ബോര്‍ഡില്‍ ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ചേറൂർ സ്വദേശിയായ സിപിഎം പ്രവർത്തകൻ വിപിൻ വിൽസനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചു. പിന്നാലെ സുരേഷ് ഗോപിയുടെ ക്യാംപ് ഓഫിസിന്‍റെ ബോർഡിൽ ബിജെപി പ്രവർത്തകർ പൂമാല ചാർത്തി.

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ സുരേഷ് ഗോപി ഇന്നലെ തൃശൂരിലെത്തിയിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെ അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ പോയത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സുരേഷ് ഗോപി മറുപടി നല്‍കിയില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال