മുണ്ടക്കൈ- ചൂരൽമലയിലെ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് വയനാട്ടിലെ തൃക്കൈപ്പറ്റയില്‍ തോട്ടംഭൂമി വാങ്ങിയത് അന്വേഷിക്കുന്നതിനായി സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന് ശുപാര്‍ശ ചെയ്തു. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അന്വേഷണസംഘമാണ് ശുപാർശ ചെയ്തത്. അതേസമയം, ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ കേസില്‍ കക്ഷി ചേര്‍ക്കുന്നതിന് മുന്‍പ് തന്നെ ദുരന്തബാധിതരുടെ പേരിലേക്ക് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ നീക്കമുണ്ട്.
അതിനിടെ, തൃക്കൈപ്പറ്റയില്‍ ലീഗ് വിളിച്ചു ചേര്‍ത്ത ദുരന്തബാധിതരുടെ യോഗത്തിൽ നാടകീയ രംഗങ്ങളുണ്ടായി. 10 സെന്റ് ഭൂമി നൽകുമെന്ന് വാഗ്ദാനം ചെയ്തത് എട്ട് സെന്റ് ആക്കി ചുരുക്കിയതായി യോഗത്തിൽ പ്രഖ്യാപിച്ചു. ദുരന്തബാധിതര്‍ വിമര്‍ശനം ഉന്നയിക്കുകയും ഇക്കാര്യം ചോദ്യം ചെയ്യുകയുമുണ്ടായി. വിമര്‍ശനം ഉന്നയിച്ചവരെ പി കെ ബഷീർ എം എൽ എ ശാസിച്ചു. ദുരന്തബാധിതരോട് ബഷീര്‍ അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്.
തോട്ടഭൂമിയല്ലെന്ന് വിശദീകരിക്കാനായിരുന്നു ലീഗ് യോഗം വിളിച്ചു ചേര്‍ത്തത്. ദുരന്തബാധിതർക്ക് വീട് നിർമിച്ച് നൽകാനുള്ള ഉപസമിതിയിലെ പ്രധാനിയാണ് പി കെ ബഷീർ.