തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന കാര്യം വീണ്ടും ചര്‍ച്ചയാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി. ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു നിര്‍ദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമതിയുടെയും സംയുക്ത യോഗത്തിലായിരുന്നു നിര്‍ദേശം. എന്നാല്‍, ഈ വിഷയം കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ മറ്റ് അംഗങ്ങള്‍ തയ്യാറായില്ല. വിവാദവിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഭക്തരുടെ ഭാഗത്തുനിന്നു പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്.
ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. തുടര്‍ന്ന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോള്‍, ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതിക്കു തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പ്രത്യേക കാലാവധിയോ മറ്റു നിബന്ധനകളോ കോടതി വെച്ചിരുന്നില്ല. അതിനാല്‍ ഈ കാര്യം പിന്നീട് ഭരണസമിതി ആലോചിച്ചിരുന്നില്ല. നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നായിരുന്നു യോഗത്തില്‍ വേലപ്പന്‍ നായരുടെ ആവശ്യം. അപ്രതീക്ഷിതമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിതന്നെ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ മറ്റ് അംഗങ്ങള്‍ക്കും നീരസമുണ്ട്.
ബി നിലവറയുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടി. തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തന്ത്രികൂടിയുള്ള യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാമെന്നു പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു.
ക്ഷേത്ര പുനരുദ്ധാരണം, മുറജപം, ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ എന്നിവ ആലോചിക്കാനാണ് ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്തയോഗം ചേര്‍ന്നത്.
ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബം ദേവപ്രശ്‌നം നടത്തിയിരുന്നു. നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതെന്നും രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തന്ത്രിയും നിലവറ തുറക്കുന്നതിനെ എതിര്‍ത്തിരുന്നതാണ്.