തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായി കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ റോള്‍ സര്‍ക്കാര്‍ പൂര്‍ണമായും വെട്ടി. ഗവര്‍ണര്‍ക്ക് പകരം സര്‍ക്കാരായിരിക്കും വിസി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുക.
സര്‍ക്കാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, സര്‍വകലാശാലാ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ്, യുജിസി എന്നിവയില്‍നിന്നുള്ളവരാകും സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍. അതോടെ വിസി പാനല്‍ നാമനിര്‍ദേശം സര്‍ക്കാര്‍ താത്പര്യപ്രകാരം മാത്രമാകും. കേന്ദ്രസര്‍ക്കാര്‍ സ്വാധീനം യുജിസി പ്രതിനിധിയില്‍ ഒതുങ്ങും. സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം പേര് ഗവര്‍ണര്‍ക്ക് നല്‍കണം. ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന പാനലിലുള്ള ഒരാളെ മാത്രമേ വിസിയായി ഗവണര്‍ക്ക് നിയമിക്കാനാകൂവെന്ന് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഉറപ്പിക്കുന്നു.
നേരത്തേ സെര്‍ച്ച് കമ്മിറ്റി രൂപവത്കരണാധികാരം ഗവര്‍ണര്‍ക്കായിരുന്നപ്പോള്‍ ഒരു വിദഗ്ധനെ നാമനിര്‍ദേശം ചെയ്യാന്‍ രാജ്ഭവന് കഴിഞ്ഞിരുന്നു. ഇനിയതിനുള്ള അധികാരം സംസ്ഥാന ശാസ്ത്രസാങ്കേതിക കൗണ്‍സിലിനാകും. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരണത്തില്‍നിന്ന് ഗവര്‍ണറെ വെട്ടിയത്.
നേരത്തേ നിയമസഭ പാസാക്കിയ സമാന ഭേദഗതി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചുവെങ്കിലും ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിരുന്നില്ല.
സര്‍ക്കാരിന്റെ കണ്ണിലെ കരടായ ഡോ. സിസാ തോമസിനെ എത്രയും പെട്ടെന്ന് ഒഴിവാക്കാനും ലക്ഷ്യമിടുന്നു. എന്നാല്‍, ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല.
യുജിസി ചട്ടത്തില്‍ അധികാരം ഗവര്‍ണര്‍ക്ക്
യുജിസിയുടെ 2025-ലെ കരട് ചട്ടത്തില്‍ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കേണ്ടത് ഗവര്‍ണറാണെന്നാണ് വ്യവസ്ഥ. കമ്മിറ്റിയില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍, യുജിസി പ്രതിനിധികളും വേണം. ഇത് പ്രാബല്യത്തില്‍വരും മുന്‍പ് ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ പിടിമുറുക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഇവിടെ നടക്കുന്നത്
സംസ്ഥാന സര്‍ക്കാര്‍ വിസി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കും. അതോടെ വിസി പാനല്‍ നാമനിര്‍ദേശം സര്‍ക്കാര്‍ താത്പര്യപ്രകാരം മാത്രമാകും.