ന്യൂ ഡൽഹി: മുസ്ലിം വിവാഹ മോചന രീതിയായ തലാഖെ ഹസനിൽ ദേശിയ കമ്മീഷനുകളുടെ അഭിപ്രായം തേടി സുപ്രീം കോടതി. ദേശിയ മനുഷ്യാവകാശ കമ്മീഷൻ, ദേശിയ വനിത കമ്മീഷൻ, ദേശിയ ബാലാവകാശ കമ്മീഷൻ എന്നിവയുടെ അഭിപ്രായം സുപ്രീം കോടതി തേടിയത്.
30 ദിവസത്തെ ഇടവേളയിൽ 3 തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണു തലാഖെ ഹസൻ. ഇത് മുസ്ലിം പുരുഷന്മാർക്ക് ഏകപക്ഷീയമായി വിവാഹ മോചനത്തിന് അവസരം നൽകുതാണ് എന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ദേശിയ കമ്മീഷനുകളുടെ അഭിപ്രായം തേടിയത്. 9 മുസ്ലിം വനിതകളാണ് തലാഖെ ഹസൻ വിവാഹ മോചന രീതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
ഒറ്റയിരിപ്പിൽ 3 തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നതു (മുത്തലാഖ്) ഭരണഘടന വിരുദ്ധമാണെന്ന് എട്ട് വർഷങ്ങൾക്ക് മുമ്പ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വിധിച്ചിരുന്നു. തുടർന്ന് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി 2019ൽ കേന്ദ്ര സർക്കാർ നിയമം കൊണ്ട് വന്നിരുന്നു. തലാഖെ ഹസന് എതിരായ ഹർജി ഇനി നവംബർ 19 ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അറിയിച്ചു.