ന്യൂഡൽഹി: ഇന്ത്യൻ സേനയിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ തസ്തികയിൽ പുരുഷ-വനിതാ ഉദ്യോഗസ്ഥർക്കായി ഏർപ്പെടുത്തിയിരുന്ന 2:1 സംവരണ നയം സുപ്രീം കോടതി റദ്ദാക്കി. ഒഴിവുകൾ പുരുഷന്മാർക്കായി സംവരണം ചെയ്യാനോ സ്ത്രീകൾക്ക് പരിമിതപ്പെടുത്താനോ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ നടപടി ഏകപക്ഷീയവും തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഏറ്റവും യോഗ്യരായ ഉദ്യോഗാർത്ഥികളെ കേന്ദ്രം തിരഞ്ഞെടുക്കണം. സ്ത്രീകളുടെ സീറ്റുകൾ പരിമിതപ്പെടുത്തുന്നത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്. കോടതി നിരീക്ഷിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും ഉൾപ്പെടുത്തി എല്ലാ ഉദ്യോഗാർത്ഥികൾക്കുമായി ഒരുമിച്ച് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനം നടത്തുകയും ചെയ്യണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
ജാഗ് ( ജഡ്ജ് അഡ്വക്കേറ്റ് ജനറൽ) തസ്തികകൾ ലിംഗഭേദമില്ലാത്തവയാണെന്നും 2023 മുതൽ 50:50 എന്ന തിരഞ്ഞെടുപ്പ് അനുപാതം നിലവിലുണ്ടെന്നുമുള്ള അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.
സൈന്യത്തിന്റെ ജാഗ് വിഭാഗം, അഥവാ ജഡ്ജ് അഡ്വക്കേറ്റ് ജനറൽസ് കോർപ്സ്, സൈന്യത്തിന്റെ നിയമ വിഭാഗമാണ്. ജഡ്ജ് അഡ്വക്കേറ്റുകൾ എന്നറിയപ്പെടുന്ന ഇതിലെ അംഗങ്ങൾ സൈന്യത്തിൽ ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുന്ന അഭിഭാഷകരാണ്. ഈ തസ്തികയിലേക്ക് നിയമനം തേടിയ രണ്ട് വനിതാ ഉദ്യോഗാർത്ഥികളാണ് ഒഴിവുകളുടെ ആനുപാതികമല്ലാത്ത വിഭജനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. നിരവധി പുരുഷ ഉദ്യോഗാർത്ഥികളേക്കാൾ ഉയർന്ന റാങ്കുകളിൽ എത്തിയിട്ടും സ്ത്രീകൾക്കായി സംവരണം ചെയ്ത പരിമിതമായ ഒഴിവുകൾ കാരണം തങ്ങൾക്ക് നിയമനം ലഭിച്ചില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.