കോഴിക്കോട്: ട്രെയിനിൽ നിന്നും 64കാരിയെ തള്ളിയിട്ട് പണമടങ്ങുന്ന ബാഗ് കൊള്ളയടിച്ച കേസിലെ പ്രതി പിടിയിലായി. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. വയോധികയുമായുള്ള പിടിവലിക്കിടെ ഇവർക്കൊപ്പം ട്രെയിനിൽ നിന്ന് പുറത്തുവീണ പ്രതി ബാഗ് കൊള്ളയടിച്ച ശേഷം കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നുവെന്നാണ് ലഭിക്കുന്ന വിവരം. പേരുകൾ മാറ്റിപ്പറയുന്ന ഇയാളുടെ യഥാർത്ഥ വ്യക്തിവിവരങ്ങൾ തിരിച്ചറിയാനായിട്ടില്ല. ഇയാളുടെ ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ സ്ത്രീ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
സമ്പർക്കക്രാന്തി എക്‌സ്പ്രസിൽ എസ് വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മിണിയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്. ട്രെയിൻ കോഴിക്കോട് അടുക്കാറായ സമയത്ത് പുലര്‍ച്ചെ നാലരയോടെ ശുചിമുറിക്ക് സമീത്ത് വെച്ച് ഇവരുടെ ബാഗ് മോഷ്ടാവ് തട്ടിപ്പറിച്ചു .ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മിണിയെ മോഷ്ടാവ് ചവിട്ടി ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടു. അമ്മിണിക്കൊപ്പമുണ്ടായിരുന്ന സഹോദരൻ ബഹളം വെച്ചതോടെ സഹയാത്രികർ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. ട്രാക്കിലേക്ക് അമ്മിണി വീണതിന് പിന്നാലെ ഇതുവഴി മറ്റൊരു ട്രെയിൻ കടന്നുപോയി. ഭാഗ്യം കൊണ്ടാണ് അമ്മിണിക്ക് ജീവൻ തിരിച്ചുകിട്ടിയത്. ആക്രമണത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴുമെന്നും ഭീതി വിട്ടുമാറിയിട്ടില്ലെന്നും അമ്മിണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ട്രെയിനിൽ നിന്ന് താഴെ വീണ അമ്മിണിയുടെ തലയ്ക്ക് നാല് തുന്നലുണ്ട്. സഹോദരിയുടെ ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങിന് മുംബൈയിൽ പോയി തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നു ഇവർ. രാത്രി ശുചിമുറിയിലേക്ക് പോയപ്പോഴാണ് ആക്രമണമുണ്ടായത്. മോഷ്ടാവ് കവര്‍ന്ന ബാഗില്‍ 8000 രൂപയും മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. ഏതാണ്ട് 35 വയസ് പ്രായം തോന്നിക്കുന്നയാളാണ് പ്രതി. ഇയാളുടെ കൃത്യമായ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.