കളമശ്ശേരി: വന്‍ തുക ഈടാക്കി നിയമവിരുദ്ധമായി കൃത്രിമ ഗര്‍ഭധാരണത്തിനായി പെണ്‍കുട്ടികളുടെ അണ്ഡം ശേഖരിച്ചു നല്‍കിയതായി ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് കളമശ്ശേരിയിലെ സ്ഥാപനത്തിന്റെ ഓഫീസിലും ഹോസ്റ്റലിലും പരിശോധന. വാടക ഗര്‍ഭധാരണം സംബന്ധിച്ച 2021-ലെ ആക്ട് അനുസരിച്ച് സംസ്ഥാനത്ത് രൂപവത്കരിച്ച അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലായിരുന്നു കൂനംതൈക്ക് സമീപത്തെ സ്ഥാപനത്തിന്റെ ഓഫീസിലും ഹോസ്റ്റലിലും പരിശോധന നടത്തിയത്. ഹോസ്റ്റലില്‍ താമസിപ്പിച്ചുവന്ന ആറ് ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെ കണ്ടെത്തി. പോലീസ് ഇടപെട്ട് ഇവരെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
പാലാരിവട്ടത്ത് പ്രവര്‍ത്തിക്കാന്‍ നിയമാനുസൃത രേഖകളുള്ള സ്ഥാപനം രേഖകളില്ലാതെയാണ് കളമശ്ശേരി ഭാഗത്ത് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. പെണ്‍കുട്ടികളില്‍നിന്ന് ഇവിടെ നിയമവിരുദ്ധമായി അണ്ഡം ശേഖരിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അണ്ഡം സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ കണ്ടെത്തിയെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് കളമശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പരിശോധനയ്ക്ക് എത്തിയവര്‍ പറഞ്ഞു. എറണാകുളം ഡിഎംഒ ഉള്‍പ്പെടെ 12 അംഗ സംഘമാണ് പരിശോധന നടത്തിയത്. കണ്ടെത്തിയ പെണ്‍കുട്ടികളെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് വ്യക്തമാക്കി.