കെ എസ് സി എസ് ടി ഇക്ക്‌ അന്താരാഷ്ട്ര അംഗീകാരം


തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് (കെ എസ് സി എസ് ടി ഇ) അന്താരാഷ്ട്ര അംഗീകാരം. ലോകപ്രസിദ്ധ വിജ്ഞാന പ്രസിദ്ധീകരണമായ നേച്ചര്‍ പോര്‍ട്ട്‌ഫോളിയോ പുറത്തിറക്കിയ ഏറ്റവും പുതിയ നേച്ചര്‍ ഇന്‍ഡെക്‌സ് റാങ്കിംഗില്‍, കെ.എസ്.സി.എസ്.ടി.ഇ ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍ 27-ാം സ്ഥാനത്ത് ഇടം പിടിച്ചു. ആഗോള ഗവേഷണ സ്ഥാപനങ്ങളില്‍ 598-ാം സ്ഥാനവും നേടിയിട്ടുണ്ട്. ഈ പട്ടികയില്‍ ആഗോള തലത്തില്‍ 1,819 സര്‍ക്കാര്‍ മേഖലാ ഗവേഷണ സ്ഥാപനങ്ങളാണുള്ളത്.

ഇന്ത്യയിലെ മൊത്തം 49 ഗവേഷണ സ്ഥാപനങ്ങള്‍ക്കിടയില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആർ - 29-ാം സ്ഥാനം), ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആർഡിഒ - 30-ാം സ്ഥാനം) തുടങ്ങിയ പ്രമുഖ കേന്ദ്ര സ്ഥാപനങ്ങളെക്കാള്‍ കെ.എസ്.സി.എസ്.ടി.ഇക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചതാണ് ഈ നേട്ടത്തിന്റെ പ്രത്യേകത.

നേച്ചർ ഇൻഡെക്സ് എന്നത് നേച്ചർ പോർട്ട്ഫോളിയോ വികസിപ്പിച്ച റാങ്കിംഗ് സംവിധാനമാണ്. 2014 നവംബര്‍ മാസത്തില്‍ ആരംഭിച്ച ഈ സംവിധാനത്തില്‍ നിലവില്‍ 146 അന്താരാഷ്ട്ര നിലവാരമുള്ള ജേണലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ജേണലുകളില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രീയ ലേഖനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഈ ലേഖനങ്ങളുടെ നിലവാരം കണക്കാക്കിയാണ് റാങ്കുകള്‍ തീരുമാനിക്കുക. ഇത്തവണത്തെ റാങ്കിംഗിന് അടിസ്ഥാനമായത് 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍, കെ.എസ്.സി.എസ്.ടി.ഇയുടെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال