കൊച്ചിയിൽ കെഎസ്ആർടിസി ഡബിൾ ഡെക്കര്‍ യാത്ര തുടങ്ങി



കൊച്ചി: നഗരയാത്രയിൽ കാഴ്ചകൾ രസകരമായി ആസ്വദിക്കാൻ കെഎസ്ആർടിസി ഡബിൾ ഡെക്കര്‍ ബസ്‌ എത്തി. ആദ്യയാത്ര ആവേശം നിറഞ്ഞതായിരുന്നു. വണ്ടിയുടെ മുകൾത്തട്ടിൽ കയറി വിശിഷ്ടാതിഥികൾ എറണാകുളം ബോട്ട് ജെട്ടിയിൽ ഒരുവട്ടം കറങ്ങി. പിന്നാലെ ജനങ്ങളുമായി ആദ്യയാത്ര.

മന്ത്രി പി. രാജീവാണ് ബജറ്റ് ടൂറിസത്തിന്റെ കീഴിലുള്ള ബസിന്റെ സർവീസ് ഉദ്ഘാടനം ചെയ്തത്. ‘‘കേരളത്തിന്റെയും വിശേഷിച്ച് കൊച്ചിയുടെയും വിനോദസഞ്ചാരത്തിൽ ഡബിൾ ഡെക്കര്‍ പ്രയോജനപ്പെടും. ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ പല പ്രമുഖരും കൊച്ചിയിലെ കടമക്കുടിയിലെത്താൻ ആഗ്രഹിക്കുന്ന കാലമാണിത്’’ - മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ആർ. ഉദയകുമാർ സ്വാഗതവും എറണാകുളം എടിഒ ടി.എ. ഉബൈദ് നന്ദിയും പറഞ്ഞു.
ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എംഎൽഎ, മേയർ എം. അനിൽകുമാർ, കൗൺസിലർമാരായ സുധാ ദിലീപ്കുമാർ, പദ്‌മജ എസ്. മേനോൻ, കെഎസ്ആർടിഇഎ സെക്രട്ടറി പി.എസ്. ലോകേഷ്, ടിഡിഎഫ് ജില്ലാ പ്രസിഡന്റ്‌ കെ.കെ. ഷാജി, കെഎസ്ടിഇഎസ് സെക്രട്ടറി സി.എസ്. സുരേഷ്, കെഎസ്ടിഇടിയു സെക്രട്ടറി എം.പി. ദിലീപ്കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
യാത്ര ഇതുവഴി
ദിവസവും വൈകീട്ട് അഞ്ചിന് ബോട്ട് ജെട്ടി സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് മറൈൻഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം വഴി കാളമുക്ക് ജങ്ഷനിൽ എത്തും. തുടർന്ന് ഹൈക്കോടതി, കച്ചേരിപ്പടി, എം.ജി. റോഡ്, തേവര, വെണ്ടുരുത്തി പാലം, തോപ്പുംപടി ബിഒടി പാലം എന്നിവിടങ്ങളിലെത്തും. ബിഒടി പാലത്തിനു മുൻപേ ഇടത്തേക്ക്‌ തിരിയും. സന്ദർശകർക്ക് കായൽതീരത്തെ നടപ്പാതയും സംഗീതവും ആസ്വദിക്കാനാകും. രാത്രി എട്ടുമണിയോടെ സ്റ്റാൻഡിൽ തിരിച്ചെത്തും. തലശ്ശേരി പൈതൃക ടൂറിസം പ്രോജക്ടിന്റെ ഭാഗമായി സർവീസ് നടത്തിയിരുന്ന മുകൾഭാഗം തുറന്ന ഡബിൾ ഡെക്കറാണിത്.
ബുക്കിങ് ഓൺലൈനിൽ
മുകളിലിരുന്നുള്ള യാത്രയ്ക്ക് 300 രൂപയും താഴത്തെ യാത്രയ്ക്ക് 150 രൂപയുമാണ് നിരക്ക്. 63 സീറ്റാണ് ബസിലുള്ളത്. ബുക്കിങ് ഓണ്‍ലൈന്‍ വഴിയാണ്. https://onlineksrtcswift.com-ൽ പോകാം. ഫ്രം കോളത്തിൽ kochi city ride എന്നും ടു കോളത്തിൽ kochi എന്നും അടിച്ച് യാത്രാ തീയതി തിരഞ്ഞെടുത്ത് അടുത്ത പേജിൽ സീറ്റ് ഉറപ്പിക്കാം. മുകളിലെ സീറ്റും താഴത്തെ സീറ്റും പ്രത്യേകമായി നോക്കി തിരഞ്ഞെടുക്കണം. പ്ലേസ്റ്റോറിൽനിന്ന് Ente KSRTC neo-oprs എന്ന ആപ്പ് ഡൗൺലോഡ് ചെയ്താലും ടിക്കറ്റ് ബുക്കുചെയ്യാം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال