കൊച്ചി: ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍, വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ കക്ഷിചേര്‍ക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നും അതിന് ഹൈക്കോടതി, കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നും ആയിരുന്നു വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിന്റെ ഭാഗം കേള്‍ക്കാതെ വിഷയത്തില്‍ തീരുമാനം എടുക്കാനാകില്ലെന്നും നിലവില്‍ വിപഞ്ചികയുടെ കുടുംബം ഉന്നയിക്കുന്നത് ആരോപണങ്ങളാണെന്നും ഹർജി പരിഗണിക്കവേ കോടതി പറഞ്ഞു. ഭര്‍ത്താവ് കുറ്റകൃത്യം ചെയ്തുവെങ്കിലും കുഞ്ഞിന്റെ മൃതദേഹത്തില്‍ അവകാശമില്ലെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. മൃതദേഹങ്ങള്‍ എന്തിനാണ് നാട്ടിലെത്തിക്കുന്നത് എന്നും കോടതിയുടെ ചോദിച്ചു. മതപരമായ ചടങ്ങുകള്‍ നടത്താനും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ക്ക് ഇത് ആവശ്യമാണ് എന്നുമായിരുന്നു കുടുബത്തിന്റെ മറുപടി. നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും.
കൊല്ലം സ്വദേശിനിയായ വിപഞ്ചിക, മകള്‍ വൈഭവി എന്നിവരെ ജൂലൈ 11-ാം തീയതിയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എംബിഎ ബിരുദധാരിയായ വിപഞ്ചിക ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ മാനേജരായി ജോലിചെയ്തുവരികയായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനിയറാണ് നിതീഷ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നുകഴിയുകയായിരുന്നു.
നിതീഷ് വിവാഹമോചനത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. വിവാഹമോചനം നടത്തുകയാണെങ്കില്‍ ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക പറയുമായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹമോചനത്തിന് ഭര്‍ത്താവ് അയച്ച നോട്ടീസ് ലഭിച്ചതോടെ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കരുതുന്നത്. കിടപ്പുമുറിയിലെ ജനാലയില്‍ ഒരേ കയറില്‍ തൂങ്ങിയനിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.