തിങ്കളാഴ്ച വള്ളംമറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം വേമ്പനാട്ടു കായലില്‍ കണ്ടെത്തി



അരൂര്‍: വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വേമ്പനാട്ടു കായലില്‍ തിങ്കളാഴ്ച വള്ളംമറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം അരൂര്‍ കോട്ടപ്പുറത്ത് പൊങ്ങിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് വേലംകുന്നത്ത് (കൊറ്റപ്പള്ളി നികര്‍ത്ത്) സുമേഷി (കണ്ണന്‍-42) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ ഏഴോടെ വേമ്പനാട് കായലിന്റെ അരൂര്‍ കോട്ടപ്പുറം കടവിനു സമീപം താമസിക്കുന്ന കോട്ടപ്പുറം തങ്കപ്പനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികളും പഞ്ചായത്തംഗം എം.എന്‍. സിമിലും ചേര്‍ന്ന് വിവരം അരൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50-നായിരുന്നു അപകടം. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്തില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ പാണാവള്ളിയിലേക്ക് മടങ്ങുംവഴിയാണ് 23 പേര്‍ സഞ്ചരിച്ചിരുന്ന വള്ളം തിരയില്‍പെട്ട് മറിഞ്ഞത്. ഇതില്‍ സുമേഷ് ഒഴികെ മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. കാണാതായ സുമേഷിനുവേണ്ടി അന്നുമുതല്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീം അംഗങ്ങളും ചൊവ്വാഴ്ച ആലപ്പുഴയില്‍നിന്ന് 30 അംഗ എന്‍ഡിആര്‍എഫ് സംഘവും അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച വീണ്ടും തിരച്ചില്‍ പുനരാരംഭിക്കാനിരിക്കേയാണ് മൃതദേഹം കോട്ടപ്പുറത്ത് പൊങ്ങിയത്.
അപകടം നടന്നയിടത്തുനിന്ന് ഏകദേശം പത്തുകിലോമീറ്ററിലധികം ദൂരമുണ്ട് കോട്ടപ്പുറത്തേക്ക്. കായലിലെ ശക്തമായ ഒഴുക്കാണ് ഇത്രയും അകലെ മൃതദേഹം പൊങ്ങാന്‍ കാരണമെന്നാണ് നിഗമനം. അരൂര്‍ പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
വൈകീട്ട് മൂന്നോടെ പാണാവള്ളിയിലെ വീട്ടില്‍ മൃതദേഹം സംസ്‌കരിച്ചു. അച്ഛന്‍: കരുണാകരന്‍. അമ്മ: ശുഭലത. ഭാര്യ: ഷീബ. മക്കള്‍: അമല്‍ കൃഷ്ണ, അതുല്‍ കൃഷ്ണ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال