കൊച്ചി: 'കെറ്റമെലോണ്‍' ഡാര്‍ക്ക്നെറ്റ് ലഹരി ഇടപാടില്‍ പിടിയിലായ മൂവാറ്റുപുഴ സ്വദേശി എഡിസനുമായി വന്‍തോതില്‍ ഇടപാടുകള്‍ നടത്തിയ മൂന്ന് വിദേശികളെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) തിരിച്ചറിഞ്ഞു. രണ്ട് ഓസ്ട്രേലിയന്‍ പൗരന്മാരുടെയും ഒരു ഇംഗ്ലണ്ടുകാരന്റെയും പങ്കാണ് വ്യക്തമായത്. ഇവരുടെ പങ്കാളിത്തം സംബന്ധിച്ച തെളിവുകളും മറ്റും ഔദ്യോഗികമായി ലഭ്യമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ വകുപ്പിന്റെയും സഹായത്തോടെ ഈ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളെ എന്‍സിബി ബന്ധപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് എഡിസനും സുഹൃത്തുക്കളും പ്രതികളായ 'കെറ്റമലോണ്‍' ലഹരിക്കേസില്‍ വിദേശ പൗരന്മാരും പ്രതിപ്പട്ടികയില്‍ വരും.
ഇവരുമായി എഡിസന് ലഹരിവില്‍പ്പനയും സാമ്പത്തിക ഇടപാടുകളും ഉള്ളതായി കണ്ടെത്തി. എഡിസന്റെ പണം ക്രിപ്റ്റോ കറന്‍സിയായും പിന്നീട് ഡോളറായും വിനിമയമാറ്റം ചെയ്യുന്നതിനും ഇവര്‍ എഡിസനെ സഹായിച്ചിട്ടുണ്ട്. പരസ്പര നിയമ സഹായ ഉടമ്പടി (മ്യൂച്വല്‍ അസിസ്റ്റന്റ് ലീഗല്‍ ട്രീറ്റി-എംലാറ്റ്) വഴി ഓസ്ട്രേലിയയിലെ ഫെഡറല്‍ പോലീസ്, ഇംഗ്ലണ്ടിലെ നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുമായാണ് എന്‍സിബി ആശയവിനിമയം നടത്തിയിട്ടുള്ളത്. ഉടമ്പടി ഒപ്പുവെച്ച ഈ രാജ്യങ്ങളിലെ പോലീസ് ലെയ്സണ്‍ ഓഫീസര്‍മാര്‍ ഇന്ത്യയിലുണ്ട്. കേസില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കണമെങ്കില്‍ എംലാറ്റ് വഴിയുള്ള ഔദ്യോഗികമായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
എഡിസന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ എഡിസനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ഓഗസ്റ്റ് നാലിന് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് എന്‍സിബി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
കെറ്റമെലോണ്‍ ഡാര്‍ക്ക്‌നെറ്റ് ശൃംഖല തകര്‍ക്കുകയും ക്രിപ്‌റ്റോ കറന്‍സിയും ലഹരിവസ്തുക്കളുമുള്‍പ്പെടെ ഒരു കോടി രൂപയുടെ വസ്തുക്കള്‍ എന്‍സിബി പിടിച്ചെടുത്തിരുന്നു. കെറ്റമെലോണ്‍ പിടിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ജര്‍മന്‍ പോലീസ് തകര്‍ത്ത 'മൂംഗിമാര്‍ക്കറ്റ്' എന്ന ഡാര്‍ക്ക്നെറ്റ് ശൃംഖലയിലും എഡിസന് അക്കൗണ്ടുള്ളതായി കണ്ടെത്തിയിരുന്നു. കെറ്റമെലോണ്‍ കേസില്‍ എഡിസനും സുഹൃത്ത് അരുണ്‍ തോമസുമാണ് പിടിയിലായത്. കെറ്റമിന്‍ വിദേശത്തേക്ക് അയച്ച കേസില്‍ എഡിസന്റെ സഹപാഠി ഡിയോളിനെയും എന്‍സിബി അറസ്റ്റ് ചെയ്തു. 2018-മുതല്‍ എഡിസനും ഡിയോളും ചേര്‍ന്ന് വിദേശത്തേക്ക് കെറ്റമിന്‍ അയച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്ന് കെറ്റമിന്‍ വാങ്ങി കൂറിയറില്‍ അയക്കുകയായിരുന്നു. സ്വകാര്യ കൂറിയര്‍ വഴി അയക്കുന്ന പാഴ്‌സലുകള്‍ സ്‌കാനിങ്ങില്‍ പിടിക്കപ്പെട്ടിരുന്നില്ല.