പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറില്‍നിന്ന് ഇറങ്ങിയോടിയ യുവാവ് താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടി


വൈത്തിരി (വയനാട്): ലക്കിടിയില്‍ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറില്‍നിന്ന് ഇറങ്ങിയോടിയ യുവാവ് താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ് ഒൻപതാം വളവിന് സമീപത്തെ വ്യൂ പോയിന്റിനടുത്തുവെച്ച് താഴേയ്ക്ക് ചാടിയത്. പോലീസ് പരിശോധനയില്‍ കാറില്‍നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയുടെ മൂന്ന് പാക്കറ്റുകൾ കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഷഫീഖിനെതിരേ വേറെയും ലഹരിക്കേസുകളുണ്ടെന്നാണ് വിവരം.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിപ്പോയ ബലാത്സംഗ-കൊലപാതക കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു വൈത്തിരി പോലീസ്. ഈ സമയം ദേശീയപാതയിലൂടെയെത്തിയ കാര്‍ കണ്ട് സംശയം തോന്നി പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് പോലീസ് വാഹനം പരിശോധിക്കാനൊരുങ്ങവെ ഷഫീഖ് ഇറങ്ങിയോടുകയും വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയിലുള്ള താഴ്ചയുള്ള ഭാഗത്തേക്ക് എടുത്തുചാടുകയുമായിരുന്നു. കുറ്റിക്കാടിനും ചെടികൾക്കും മുകളിലൂടെ ഊർന്നിറങ്ങി, വനത്തിനുള്ളിലേക്ക് ഓടിയ ഇയാളെ തേടി വൈത്തിരി, താമരശ്ശേരി പോലീസും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും പിന്നീട് സ്ഥലത്തെത്തിയ കല്‍പ്പറ്റ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഉച്ചവരെ തിരച്ചില്‍ നടത്തി. ഷഫീഖ് ചാടിയ ഭാഗം:-
ചാടിയ സ്ഥലത്തുനിന്നും അരകിലോമീറ്ററോളം അകലെയുള്ള ഒരു നീര്‍ച്ചാലിന് സമീപം വരെ യുവാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും തുടര്‍ന്ന് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. സ്ഥലത്ത് ഡ്രോൺ പരിശോധന നടത്തി എങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ 90 ഗ്രാമോളം എംഡിഎംഎയുമായി ഷഫീഖ് ബത്തേരി പോലീസിന്റെ പിടിയിൽ ആയിരുന്നു. കല്പറ്റയിലും ഇയാൾക്കെതിരേ കേസ് ഉണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال