തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിനുള്ള നിലവിലെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ മതസംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് വിവിധ മതസംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറായത്. പത്ത് മണിക്ക് തുടങ്ങിയിരുന്ന ക്ലാസുകൾ ഇനി മുതൽ 9.45ന് ആരംഭിക്കും. 10.30 ന് ഒരു പിരീയഡ് കഴിയും.
സ്കൂൾ സമയമാറ്റത്തിൽ നിലവിലെ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകരുമെന്നും ഇതു സംബന്ധിച്ച സർക്കാർ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്യുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. ചർച്ചയിൽ ചിലർ അവരുടെ അഭിപ്രായം അറിയിച്ചിരുന്നു. നടപ്പിൽ വരുത്തുന്നതിലെ പ്രയാസങ്ങൾ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. നിലവിൽ സർക്കാർ എടുത്ത തീരുമാനവുമായി മുമ്പോട്ട് പോകും. പതിനഞ്ച് മിനിറ്റിന്റെ കാര്യമേയുള്ളൂ. അതിൽ വാശിപിടിക്കേണ്ട കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ സമയമാറ്റത്തിൽ ചില പ്രതിഷേധങ്ങളും പരാതികളും ലഭിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രതിഷേധങ്ങളും പരാതികളുമായി മുമ്പോട്ട് പോകുന്നതിൽ താത്പര്യമില്ല. ഇതിനാൽ മാനേജ്മെന്റ് അസോസിയേഷനുകളുടെ യോഗം വിളിച്ചു ചേർത്തു. സി.എം.എസ്., കെ.പി.എസ്.എം.എ., എയിഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ, മദ്രസാ ബോർഡ്, മുസ്ലീം എഡ്യൂക്കേഷൻ സൊസൈറ്റി, എൽ.എം.എസ്., എസ്.എൻ. ട്രസ്റ്റ് സ്‌കൂൾസ്, എസ്.എൻ.ഡി.പി. യോഗം സ്‌കൂൾസ്, കേരള എയിഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ, സമസ്ത ഇ.കെ. വിഭാഗം, എ.പി. വിഭാഗം, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു.
സ്കൂൾ സമയമാറ്റം ഏത് സാഹചര്യത്തിലാണ് കൈക്കൊണ്ടത് എന്നത് വിശദീകരിച്ചു. അതിനുശേഷം എല്ലാവരും അഭിപ്രായം അറിയിച്ചു. ഭൂരിപക്ഷം വരുന്ന ആളുകളും സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. വൈകുന്നേരം അരമണിക്കൂർ കൂടുതൽ എടുക്കുന്നത് അടക്കമുള്ള അഭിപ്രായങ്ങൾ ചിലർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ അവരെ അറിയിച്ചെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സ്കൂൾ സമയമാറ്റത്തിൽ തങ്ങൾ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ മന്ത്രി തയ്യാറായിട്ടുണ്ടെന്ന് സമസ്ത നേതാക്കൾ അറിയിച്ചു. സാവകാശം വേണമെന്നും അടുത്ത വർഷം മാറ്റങ്ങൾ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞതായും സമസ്ത നേതാക്കൾ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.