കേരള ബാങ്കിൽ കുടിശ്ശികയുള്ള വായ്പ തീർപ്പാക്കിനൽകാമെന്ന് വാഗ്ദാനം: ദമ്പതിമാരിൽനിന്ന് ആറുലക്ഷം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ



വെഞ്ഞാറമൂട്: കേരള ബാങ്കിൽ കുടിശ്ശികയുള്ള വായ്പ തീർപ്പാക്കിനൽകാമെന്ന വാഗ്ദാനംനൽകി, ജഡ്ജിയെന്ന് വിശ്വസിപ്പിച്ച് ദമ്പതിമാരിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ കവിതാലയത്തിൽ ജിഗേഷ് (40), ആലപ്പുഴ മാന്നാർ അച്ചത്തറ വടക്കേതിൽവീട്ടിൽ സുമേഷ് (36) എന്നിവരാണ് പിടിയിലായത്.

യുവതിയുടെ ഭർത്താവ് ഒമാനിൽ ഡ്രൈവറാണ്. അവിടത്തെ പരിചയക്കാരൻ വഴിയാണ് യുവതി പ്രതികളെ പരിചയപ്പെട്ടത്. കേരള ബാങ്കിന്റെ കാര്യങ്ങൾ നോക്കുന്ന ജഡ്‌ജി വരുമെന്നും ശ്രമിച്ചാൽ വായ്പത്തുക ബാങ്കിനെക്കൊണ്ട് കിട്ടാക്കടമായി എഴുതിത്തള്ളി വസ്തുവിന്റെ പ്രമാണം തിരികെയെടുക്കാൻ സാധിക്കുമെന്നും ദമ്പതിമാരെ ഇവർ വിശ്വസിപ്പിച്ചു. തുടർന്ന് നാലംഗസംഘം എത്തുകയും 2022-ൽ വെമ്പായത്തുവെച്ച് യുവതി പണം കൈമാറുകയും ചെയ്തു. മൂന്നുതവണകളായി ആറുലക്ഷം രൂപയാണ് ഇവരിൽനിന്നു തട്ടിച്ചത്. പിന്നീടാണ് യുവതിക്ക് തട്ടിപ്പാണെന്നു മനസ്സിലായത്. തുടർന്ന് പോലീസിൽ പരാതി നൽകി.
ഒളിവിലായിരുന്ന സംഘത്തിലെ രണ്ടുപേരെ വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
പ്രതിയായ യുവാവിന്റെ ലാപ്ടോപ്പിൽനിന്ന്‌ ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിനൽകുന്നതിന്റെ ദേവസ്വം ബോർഡ് നൽകുന്ന വ്യാജ നിയമന ഉത്തരവുകളും യുപിഎസ്‌സിയുടെ ഇന്റർവ്യു ലെറ്ററുകളും കണ്ടെത്തി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പുപരാതികൾ പ്രതികൾക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال