സ്വന്തം മകളെ അഞ്ചു വയസ്സു മുതൽ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കി: പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും



തൊടുപുഴ: സ്വന്തം മകളെ അഞ്ചു വയസ്സു മുതൽ എട്ടു വയസ്സുവരെയുള്ള കാലയളവിൽ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതി മരണം വരെ തടവിൽ കഴിയണമെന്നും ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവിൻ്റെ ഉത്തരവിൽ പറയുന്നു.

2020-ലാണ് ഈ ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് വീട്ടിൽ വെച്ച് നിരന്തരമായി ലൈംഗികമായി ഉപദ്രവിച്ചതായാണ് മൊഴി. സ്ഥിരമായി വയറുവേദന അനുഭവിച്ചിരുന്ന കുട്ടി മാതാവിനൊപ്പം നിരന്തരം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 2020-ൽ ഒരു ദിവസം ആശുപത്രിയിൽ പോകുന്നതിനായി ബസ് കാത്തുനിൽക്കുമ്പോൾ, പിതാവ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണോ വയറുവേദന മാറാത്തതെന്ന് കുട്ടി അമ്മയോട് സംശയമായി ചോദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്.

തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയും കരിമണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് വീടുകളിൽ വെച്ചും പീഡിപ്പിച്ചിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. മൊഴി പറയാൻ കോടതിയിലെത്തിയ ദിവസം കുട്ടിയുടെ അമ്മ ബോധരഹിതയായി വീണ സംഭവവുമുണ്ടായി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال