തൃശ്ശൂർ: തന്റെ പുതിയ ചിത്രമായ ജെഎസ്കെ: ജാനകി. വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കാണാനെത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശ്ശൂരിലെ രാഗം തിയേറ്ററിലാണ് അദ്ദേഹമെത്തിയത്. വിവാദങ്ങളുയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാൻ പാടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മകനും നടനുമായ ഗോകുൽ സുരേഷും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമ വലിയൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. ആ വിഷയം വിവാദങ്ങൾ കലർത്തി നേർപ്പിക്കാൻ പാടില്ല. കാരണം ഇത് പെൺകുട്ടികളുടെയെല്ലാം സുരക്ഷ, ദേശീയ സ്ത്രീ ശാക്തീകരണ നയത്തിന് പുതിയൊരു ഏട് എഴുതിച്ചേർക്കാൻ വലിയൊരു പോയിന്റർ ആയിരിക്കും ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.
"2023 നവംബറിലാണ് ഇതിനു മുമ്പൊരു റിലീസ് ഉണ്ടാകുന്നത്. എന്റെ പൊസിഷൻ മാറിയ ശേഷം ആദ്യമായി ഒരു സിനിമ വരുന്നു. ‘ഗരുഡനു’ കിട്ടിയ ആവേശം, ‘പാപ്പനും’ ‘കാവലിനും’ ‘വരനെ ആവശ്യമുണ്ട്’ തുടങ്ങിയ സിനിമകൾക്കെല്ലാം കിട്ടിയ ആവേശം വളർന്നുകൊണ്ടിരിക്കണം. അതുകൊണ്ടല്ലേ എനിക്കു രക്ഷപ്പെടാൻ പറ്റൂ. വിവാദങ്ങളൊന്നുമില്ല, അതൊക്കെ എല്ലാവർക്കുമറിയാം." അദ്ദേഹം കൂട്ടിച്ചേർത്തു.
ജാനകി വിദ്യാധരന്റെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകും. സ്ത്രീകൾക്കുവേണ്ടി നിയമം മാത്രം പോര, അത് നടപ്പിലാക്കാനും കഴിയട്ടെ. വിപ്ലവാത്മകമാകയ മാറ്റത്തിന് സിനിമ ഉതകണം. ഒരു തട്ടുപൊളിപ്പൻ സിനിമയല്ല ഞാൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാവരെയും ചിന്തിപ്പിക്കുന്നതാകട്ടെ സിനിമയെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്ക് പുറമേ അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.