ലോകത്തുനിന്ന് മുന്‍പെങ്ങുമില്ലാത്ത നിരക്കില്‍ ശുദ്ധജലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകര്‍. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ഉപഗ്രഹ നിരീക്ഷണങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ മഴ, ബാഷ്പീകരണം, നീരൊഴുക്ക് എന്നിവയുടെ രീതികള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍, മഞ്ഞ്, ഐസ്, ഉപരിതല ജലം, സസ്യവിതാനങ്ങളിലെ ജലം, മണ്ണിലെ ഈര്‍പ്പം, ഭൂഗര്‍ഭജലം എന്നിവയുള്‍പ്പെടെ കരയില്‍ സംഭരിക്കപ്പെടുന്ന എല്ലാ രൂപത്തിലുമുള്ള ഭൗമ ജല സംഭരണവും ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വന്‍കരകളിലെ വരള്‍ച്ച ആഗോളതലത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. 2002 മുതല്‍ ശുദ്ധജലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന 101 രാജ്യങ്ങളിലാണ് ലോക ജനസംഖ്യയുടെ 75 ശതമാനവും ജീവിക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭൂമുഖത്തുണ്ടാകുന്ന ഈ മാറ്റം ജലലഭ്യതയ്ക്കും സുസ്ഥിരമായ ജലപരിപാലനത്തിനും ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തും. ആവാസവ്യവസ്ഥകള്‍ക്കും മനുഷ്യരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തും. അവ ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തും. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കുടിയേറ്റം വര്‍ധിപ്പിക്കും. രാജ്യങ്ങള്‍ക്കുള്ളിലും രാജ്യങ്ങള്‍ തമ്മിലും ജലസ്രോതസ്സുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാക്കുകയും ചെയ്‌തേക്കാം.
ഉത്തരാര്‍ദ്ധഗോളത്തില്‍ അതിരൂക്ഷ വരള്‍ച്ച പിടിമുറുക്കിയിരിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം, തെക്കുപടിഞ്ഞാറന്‍, മധ്യ അമേരിക്ക, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വലിയ പ്രത്യാഘാതങ്ങളെ നേരിടാന്‍ തയ്യാറെടുക്കുന്നതിന് അടിയന്തര നടപടി ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ വരണ്ട പ്രദേശങ്ങള്‍ കൂടുതല്‍ വരണ്ടുണങ്ങുകയും പുഴകളിലെയും തടാകങ്ങളിലെയും ഉപരിതല ജല സംഭരണം കുറയുകയും ചെയ്യുന്നതിനാല്‍ ജനം ഭൂഗര്‍ഭജലത്തെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ ആശ്രിതത്വം ഭൂഗര്‍ഭജലത്തിന്റെ ദീര്‍ഘകാല ശോഷണത്തിന് കാരണമായിട്ടുണ്ട്. ജലനഷ്ടം സംഭവിക്കുന്ന പല വരണ്ട പ്രദേശങ്ങളും മേഖലകളും ഇപ്പോള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട് ഉത്തരാര്‍ദ്ധഗോളത്തില്‍ നാല് വലിയ അതിവരള്‍ച്ചാ മേഖലകള്‍ രൂപപ്പെട്ടിരിക്കുന്നു എന്നതാണ് ഒരു സുപ്രധാന കണ്ടെത്തല്‍.
അതിവരള്‍ച്ചാ മേഖലകള്‍ ഇവയാണ്
വടക്കന്‍ കാനഡയും വടക്കന്‍ റഷ്യയും - ഒരുകാലത്ത് കൂടുതല്‍ ഈര്‍പ്പമുള്ളതായി മാറിയിരുന്ന ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ വരണ്ടുണങ്ങുകയാണ്.
തെക്കുപടിഞ്ഞാറന്‍ വടക്കേ അമേരിക്കയും മധ്യ അമേരിക്കയും - ഇവിടെ വരള്‍ച്ചയും ഭൂഗര്‍ഭജലനിരപ്പ് താഴുന്നതും രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
വടക്കേ ആഫ്രിക്ക മുതല്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, മധ്യേഷ്യ വഴി വടക്കന്‍ ചൈനയിലേക്കും തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യയുടെ ഭാഗങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ഒരു വലിയ പ്രദേശം.
കിഴക്കന്‍, പടിഞ്ഞാറന്‍ ഉപ-സഹാറന്‍ ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ ഒഴികെ കൂടുതല്‍ ഈര്‍പ്പമുള്ളതായി മാറുന്ന പ്രദേശങ്ങളുടെ എണ്ണം കുറവാണെന്നും വേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം ഈ സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു.