കുന്നംകുളം : നാടിൻ്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ പോലീസ് സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കും സിപിഐഎം പിന്തുണ നൽകും, എന്നാൽ കുറച്ചു ക്രിമിനലുകൾ കൂടെയുണ്ടെന്ന ധാർഷ്ട്യത്തിൽ സിപിഐഎം പ്രവർത്തകരെ നിരന്തരമായി ആക്രമിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെങ്കിൽ ജനങ്ങളെ അണിനിരത്തി സ്വാഭാവിക പ്രതിരോധം തീർക്കുമെന്ന് സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞദിവസം ചെമ്മണ്ണൂരിൽ ഉണ്ടായ സംഘർഷത്തെ ഏകപക്ഷീയമായ ആക്രമണമാക്കി ചിത്രീകരിച്ച് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. വിഷ്ണു ദത്ത്, ദേവദത്ത് എന്നീ ക്രിമിനലുകൾ നിരന്തരം ചെമ്മണ്ണൂർ മേഖലയിൽ സൃഷ്ടിച്ച പ്രശ്നങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസത്തെ സംഘർഷം. എല്ലായിപ്പോഴും തല്ലു കൊള്ളേണ്ടവരാണ് സിപിഐഎം പ്രവർത്തകർ എന്ന ചില ക്രിമിനൽ കൂട്ടത്തിന്റെ നിലപാടിന്റെ ഭാഗമായാണ് പ്രദേശത്തെ കഴിഞ്ഞ ഉത്സവം മുതൽ ഉണ്ടായ സംഘർഷങ്ങൾ. ഇരുകൂട്ടർക്കും പരിക്കേറ്റ സംഘർഷത്തെ പോലീസിനെ ഭയപ്പെടുത്തി ഏകപക്ഷീയമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാകില്ല,
പോലീസ് എടുക്കുന്ന നിയമപരമായ നടപടികൾക്ക് സിപിഐഎം പിന്തുണ നൽകുമെന്ന് ജില്ലാ കമ്മിറ്റി അംഗം എം എൻ സത്യൻ, ഏരിയാ സെക്രട്ടറി കെ കൊച്ചനിയൻ, കെ ബി ഷിബു, സി കെ ലിജേഷ് എന്നിവർ അറിയിച്ചു.