കൊച്ചി: കേസ് ഒതുക്കാന്‍ പരാതിക്കാരനോട് രണ്ടുകോടി രൂപ ഏജന്റുമാര്‍ ആവശ്യപ്പെട്ടെന്ന കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പിക്ക് സ്ഥലംമാറ്റം. വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്പി എസ്. ശശിധരനെ തൃശ്ശൂര്‍ കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായാണ് (അഡ്മിനിസ്‌ട്രേഷന്‍) മാറ്റിയത്.
തിരുവനന്തപുരം പോലീസ് ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായിരുന്ന പി.എന്‍. രമേശ്കുമാര്‍ വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്പിയായി ചുമതലയേല്‍ക്കും. കേസന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തി നില്‍ക്കേ, സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
കൊല്ലത്തെ കശുവണ്ടി വ്യവസായിയില്‍നിന്ന് ഇഡി ഏജന്റുമാര്‍ കൈക്കൂലി വാങ്ങിയ കേസ് എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചിരുന്നത്. മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇഡി കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറായിരുന്നു ഒന്നാം പ്രതി. സംഭവം വിവാദമായതോടെ ഈ ഉദ്യോഗസ്ഥനെ, ഡയറക്ടറേറ്റ് ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച അസി. ഡയറക്ടറെ കഴിഞ്ഞ രണ്ടുദിവസം വിജിലന്‍സ് ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. ഇത് വെള്ളിയാഴ്ചയും തുടരാനിരിക്കേയാണ് എസ്പിക്ക് സ്ഥലം മാറ്റം. ഇഡി ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് ഡയറക്ടറേറ്റിനെയും പ്രതിസന്ധിയിയിലാക്കിയിരുന്നു.