തൃശ്ശൂര്‍ : ഭരതന്‍ സ്മൃതി കേന്ദ്രസമിതിയുടെ മികച്ച സംവിധായകനുള്ള കല്യാണ്‍ ഭരത് മുദ്ര പുരസ്‌കാരം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും നവാഗത സംവിധായകനുള്ള പുരസ്‌കാരം ജ്യോതിഷ് ശങ്കറിനും. സ്വര്‍ണപ്പതക്കവും ശില്പവുമടങ്ങിയതാണ് ഭരത് മുദ്ര പുരസ്‌കാരം. കെപിഎസി ലളിത പുരസ്‌കാരം മഞ്ജു പിള്ളയ്ക്കും പ്രത്യേക ജൂറി പുരസ്‌കാരം പ്രകാശ് വര്‍മയ്ക്കും സമ്മാനിക്കും.
ഭരതന്‍ സ്മൃതിയുടെ രക്ഷാധികാരികളായ പി. ജയചന്ദ്രന്റെയും മോഹന്റെയും പേരില്‍ ഏര്‍പ്പെടുത്തിയ ഗുരുപൂജ സമാദരണം നിര്‍മാതാവ് വി.ബി.കെ. മേനോന് സമ്മാനിക്കും. ഭരതന്റെ 27-ാം ചരമവാര്‍ഷികദിനമായ 30 -ന് കേരള സാഹിത്യ അക്കാദമി ഹാളില്‍ കലാമണ്ഡലം ഗോപി, കമല്‍, ടി.എസ്. കല്യാണരാമന്‍, റഫീക്ക് അഹമ്മദ് എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. സംഘാടക സമിതി ഭാരവാഹികളായ എം.പി. സുരേന്ദ്രന്‍, സി. വേണുഗോപാല്‍, അനില്‍ വാസുദേവ്, അനില്‍ സി. മേനോന്‍, ടി.ആര്‍. രഞ്ജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.