ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ഹരിദ്വാറിലെ മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. 30ലേറെ പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ശ്രാവണ മാസം ആയതു കൊണ്ട് ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന ക്ഷേത്രത്തിലേക്കുള്ള വഴിയിലെ പടിക്കെട്ടുകളിലാണ് തിക്കും തിരക്കുമുണ്ടായത്. ഒരാൾക്ക് വൈദ്യുതാഘാതം ഏറ്റെന്ന അഭ്യൂഹം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ഏത് വഴി പുറത്തിറങ്ങണമെന്ന് അറിയാതെ കുഴങ്ങിയതോടെ പലരും തിരക്കിനിടയിൽ താഴെ വീണ് പോവുകയായിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേനയും ലോക്കൽ പോലീസും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. പൊലീസ് സേന ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ ആറ് പേരുടെ മരണം സ്ഥിരീകരിച്ചെന്ന് ഹരിദ്വാർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് പ്രമേന്ദ്ര സിങ് ദോബൽ പറഞ്ഞു. പരിക്കേറ്റ ഭക്തരെ ആംബുലൻസുകളിൽ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.