ധര്‍മസ്ഥലയില്‍ നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയെന്ന് ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുമ്പോള്‍ നാല് പതിറ്റാണ്ട് മുമ്പ് നടന്ന കൊലപാതകം വീണ്ടും ചര്‍ച്ചയാകുന്നു. മലയാളി കുടുംബത്തിലെ അംഗമായ പത്മലതയെ കാണാതായി രണ്ട് മാസമായപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സി പി ഐ എം നേതാവായ അച്ഛന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയതിന് പിന്നാലെയാണ് പത്മലതയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
1986 ഡിസംബര്‍ 22-ന് വൈകിട്ട് കോളേജില്‍ നിന്നും മടങ്ങിവരുന്നതിനിടെയാണ് 17-കാരി പത്മലതയെ കാണാതാവുന്നത്. ഉജിരെ എസ്ഡിഎം കോളേജില്‍ പിയുസി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കോളേജില്‍ നിന്നിറങ്ങി ധര്‍മസ്ഥലക്കടുത്ത് ബസിറങ്ങിയത് കണ്ടവരുണ്ട്. പിന്നെ പത്മലത വീട്ടിലെത്തിയില്ല. എട്ട് പതിറ്റാണ്ട് മുമ്പ് കോട്ടയത്തുനിന്ന് ധര്‍മസ്ഥലയിലേക്ക് കുടിയേറിയതായിരുന്നു പത്മലതയുടെ കുടുംബം.
സി പി ഐ എം ബല്‍ത്തങ്ങാടി താലൂക്ക് കമ്മറ്റിയംഗമായിരുന്നു അച്ഛന്‍ എം കെ ദേവാനന്ദ്. ആദിവാസി വിഭാഗങ്ങളുടെ കുടിയിറക്കലിനെതിരെ ദേവാനന്ദിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡ് മൊളിക്കാറില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് മകളെ കാണാതായത്. തൊട്ടുപിന്നാലെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ചിലരില്‍ നിന്നും ഭീഷണിയെത്തിയതായി സഹോദരി ചന്ദ്രാവതി പറഞ്ഞു.
ബല്‍ത്തങ്ങാടി പൊലീസ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുക്കാന്‍ മടിച്ചെങ്കിലും സി പി ഐ എം പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ കേസെടുത്തു. 58 ദിവസത്തിന് ശേഷം ഫെബ്രുവരി 17-ന് കുതിരായം പുഴയില്‍ കൈയും കാലും കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. കൈയില്‍ കെട്ടിയ വാച്ചും വസ്ത്രങ്ങളും കണ്ട് മൃതദേഹം പത്മലതയുടെതെന്ന് കുടുംബം തിരിച്ചറിഞ്ഞു. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ കര്‍ണാടക സി ഐ ഡി കേസ് ഏറ്റെടുത്ത് നടത്തിയെങ്കിലും നാളുകള്‍ക്ക് ശേഷം തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു.
കേസ് നടത്തിപ്പിനിടെ ഉന്നതരില്‍ നിന്നും ഗുണ്ടകളില്‍ നിന്നും വലിയ ഭീഷണിയും
സമ്മര്‍ദവും കുടുംബം നേരിട്ടിരുന്നു. മകള്‍ക്കായി ഏറെക്കാലം നിയമ പോരാട്ടം നടത്തിയ ദേവാനന്ദ് അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. സഹോദരന്റെ രവീന്ദ്രന്‍ ദുരൂഹ സാഹചര്യത്തില്‍ ജോലി ചെയ്തിരുന്ന ബാങ്കില്‍ ആത്മഹത്യ ചെയ്തു. പത്മലതയുടെ അമ്മ തങ്കമ്മ ഓര്‍മകള്‍ നഷ്ടപ്പെട്ട് ബൊളിയാറിലെ വീട്ടില്‍ മകള്‍ ചന്ദ്രാവതിക്കൊപ്പം കഴിയുകയാണ്.