തിരുവനന്തപുരം: കണ്ണൂരിൽ സ്കൂളുകൾ അടച്ചുപൂട്ടി എന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ചിലയിടങ്ങളിൽ എങ്കിലും സ്‌കൂൾ കുട്ടികൾ തീരെ വരാത്തതിനാൽ ചില സ്‌കൂളുകൾ സ്വയം ഇല്ലാതാകുന്ന അവസ്ഥ ഉണ്ട്. 1959 മുതലുള്ളതാണ് ഈ അവസ്ഥ. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സ്‌കൂളുകൾ തുടങ്ങുന്നതിനും കുട്ടികൾ ഇല്ലെങ്കിൽ അടയ്ക്കുന്നതിനുമുള്ള വകുപ്പുകളുണ്ട്. ഇക്കാര്യങ്ങൾ പാലിക്കാത്ത സംഭവങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കും. ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ മേലൂർ ജൂനിയർ ബേസിക് സ്‌കൂളിൽ അഞ്ചിൽ താഴെ മാത്രം കുട്ടികളാണുണ്ടായിരുന്നത്. 2023 ൽ ആ കുട്ടികളും റ്റി.സി വാങ്ങി തൊട്ടടുത്ത സ്‌കൂളിലേക്ക് മാറി. കുട്ടികളില്ലാത്തതിനാൽ സ്‌കൂൾ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടായി.