പന്നിക്കെണിയില്‍ വിദ്യാര്‍ഥി മരിച്ച സംഭവം: പ്രതിഷേധവുമായി യുഡിഎഫ്



നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ ജ്യോതികുമാര്‍ ചാമക്കാല, രാജു പി. നായര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. റോഡ് ഉപരോധിച്ചതിനെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ സിപിഎം നേതാവ് എ. വിജയരാഘവന്റെ വാഹനം പ്രവർത്തകർ തടഞ്ഞു.
പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ വളരെ കുറച്ച് പോലീസുകാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചു. എന്നാൽ പ്രതിഷേധക്കാർ പോലീസ് വാഹനം വളഞ്ഞതോടെ ഈ നീക്കം പരാജയപ്പെട്ടു. ഇതിനിടെ ഒരു യുഡിഎഫ് പ്രവർത്തകൻ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് സ്ഥലത്തെത്തിയിരുന്നു. ഷൗക്കത്ത് ഉൾപ്പെടെയുള്ള നേതാക്കൾ ബലം പ്രയോഗിച്ച് പോലീസ് വാഹനത്തിലുണ്ടായിരുന്ന മുഴുവൻ പ്രവർത്തകരേയും മോചിപ്പിച്ചു. സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഷൗക്കത്ത് പറഞ്ഞതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. ജിത്തുവിന്റെ മരണത്തിൽ സർക്കാരിനെതിരെ വലിയ തുടർസമരങ്ങൾക്കാണ് യുഡിഎഫ് ആലോചിക്കുന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال