ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും മുഖ്യമന്ത്രിയോടായി പാർവതി തിരുവോത്ത് ചോദിച്ചു.
'എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്ന കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ. അല്ലേ ? സിനിമാ മേഖലയിൽ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നിയമങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം. അല്ലേ? അതിൽ എന്താണ് കേരള മുഖ്യമന്ത്രി ഇപ്പോൾ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നും ഇല്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയിട്ടുള്ളൂ', എന്നാണ് പാർവതി തിരുവോത്ത് കുറിച്ചത്. ഒപ്പം രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ച വാർത്തയും പാർവതി ഷെയർ ചെയ്തിട്ടുണ്ട്.