മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ പകുതിയിലധികം പേരും പുറത്ത്. ആകെയുള്ള 82,498 അപേക്ഷകരില്‍ 40,566 പേര്‍ക്ക് അലോട്‌മെന്റ് ലഭിച്ചു. 41,932 പേര്‍ക്ക് അടുത്ത അലോട്‌മെന്റുകള്‍ വരെ കാത്തിരിക്കണം. ഇനി സര്‍ക്കാര്‍ സ്‌കൂളുകളിലെ സംവരണ വിഭാഗത്തില്‍ 1,7067 സീറ്റുകളാണ് ബാക്കിയുള്ളത്.
സ്പോര്‍ട്‌സ് ക്വാട്ടയില്‍ 1,750 അപേക്ഷകരില്‍ 1,283 പേര്‍ക്ക് അലോട്‌മെന്റായി. സ്പോര്‍ട്സില്‍ ആകെയുള്ള 1,410 സീറ്റില്‍ 127 സീറ്റുകളില്‍ ഒഴിവുണ്ട്. ജില്ലയില്‍ ഏക മോഡല്‍ െറസിഡെന്‍ഷ്യല്‍ സ്‌കൂളിലെ 50 സീറ്റില്‍ 45-ലും അലോട്‌മെന്റായി. കുടുംബി വിഭാഗത്തിനുള്ള 439 സീറ്റില്‍ മുഴുവനും ഒഴിവുണ്ട്.
സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 57,633 പ്ലസ് വണ്‍ സീറ്റുകളാണ് അലോട്‌മെന്റിന് പരിഗണിച്ചത്. ബാച്ച് മാര്‍ജിനില്‍ വര്‍ധന അടക്കം നടത്തിയതിനുശേഷമുള്ള സീറ്റുകളാണിത്. ഒഴിവുള്ള സീറ്റുകള്‍ സംവരണ വിഭാഗങ്ങള്‍ക്കുള്ളവയാണ്. ഇവയില്‍ തുടര്‍ അലോട്‌മെന്റുകളില്‍ ആളില്ലെങ്കില്‍ പൊതുമെറിറ്റ് സീറ്റായി മാറ്റും.
മലപ്പുറത്തു പ്ലസ് വണിന് അപേക്ഷിച്ചവരില്‍ 8096 പേര്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. ആകെയുള്ള 57,633 സീറ്റില്‍ 350 സീറ്റുകള്‍ ഭിന്നശേഷി വിഭാഗത്തിനുള്ളവയാണ്.
ജനറല്‍ വിഭാഗത്തിലെ എല്ലാ സീറ്റുകളും സംവരണ വിഭാഗത്തില്‍ മുസ്ലിം സീറ്റുകളും ആദ്യ അലോട്‌മെന്റില്‍ മുഴുവനായി.
ഇവയില്‍ ഒരൊഴിവുപോലുമില്ല. സാധാരണ ജില്ലയില്‍ ഈഴവ, വിശ്വകര്‍മ വിഭാഗങ്ങളുടെ സീറ്റുകളും ആദ്യ അലോട്‌മെന്റില്‍ മുഴുവനാകാറുണ്ടെങ്കിലും ഇത്തവണ ഈഴവ വിഭാഗത്തില്‍ 33, വിശ്വകര്‍മയില്‍ രണ്ടു സീറ്റുകള്‍ ഒഴിവാണ്. എസ്സി, എസ്ടി, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങളുടെ സീറ്റുകളാണ് കൂടുതല്‍ ഒഴിഞ്ഞു കിടക്കുന്നത്.
അലോട്‌മെന്റ് ലഭിച്ചവര്‍ക്കു ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം.
ആദ്യ ഓപ്ഷന്‍ അലോട്‌മെന്റ് ലഭിച്ചവര്‍ സ്‌കൂളില്‍ സ്ഥിരപ്രവേശനം നേടണം.
മറ്റ് ഓപ്ഷന്‍ ലഭിച്ചവര്‍ക്ക് താത്കാലിക പ്രവേശനം നേടി ഉയര്‍ന്ന ഓപ്ഷനുകള്‍ക്ക് അപേക്ഷ നല്‍കാം. ലഭിച്ചിട്ടും താത്കാലികപ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്‌മെന്റില്‍ പരിഗണിക്കില്ല.
താത്കാലിക പ്രവേശനം നേടുന്നവര്‍ ഫീസ് അടക്കേണ്ടതില്ല. ഏകജാലക വെബ് സൈറ്റ്: www.hscap.kerala.gov.in.