ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു



കുമളി: ചെല്ലാർകോവിൽമെട്ടിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. ഗവിക്ക് സമീപമുള്ള പാണ്ഡ്യൻതോട് എന്ന ഭാഗത്താണ് ഞായറാഴ്ച രാത്രി തുറന്നുവിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വനമേഖലയായതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്.

മയക്കുവെടിവെച്ച് പിടികൂടി തേക്കടിയിലെത്തിച്ച കടുവയ്ക്ക് പരിശോധനകൾക്ക് ശേഷം ആവശ്യമായ ചികിത്സ നൽകിയിരുന്നു. മുഖത്ത് തറച്ചിരുന്ന മുള്ളൻപന്നിയുടെ മുള്ളും നീക്കംചെയ്തു. നായയും ഒപ്പമുണ്ടായിരുന്നതിനാൽ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പും നൽകി. നിരീക്ഷണത്തിനു ശേഷമാണ് വനത്തിൽ തുറന്നുവിട്ടത്.
രണ്ടു വയസ്സ് പ്രായമുള്ള ആൺകടുവയാണ് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത്. തൊട്ടടുത്തുള്ള തമിഴ്നാട് വനമേഖലയിൽ നിന്നുമാകാം കടുവ എത്തിയതെന്നാണ് വനംവകുപ്പിൻറെ കണക്കുകൂട്ടൽ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال