വാഷിങ്ടൺ: ഉറ്റസുഹൃത്തും ഉപദേഷ്ടാവുമായ ഇലോൺ മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച ഓവൽ ഓഫീസിൽവെച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം. ട്രംപിന്റെ ‘മനോഹരബിൽ’ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്‌ക് കഴിഞ്ഞദിവസം പറഞ്ഞത്.
“മസ്‌കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെനല്ല ബന്ധമാണ്. ഇനി അതുണ്ടാകുമോയെന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിന്റെ ഉള്ളവും പിന്നിലെ പ്രവർത്തനവും മസ്‌കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്നമായിത്തീർന്നു.” -ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ട്രംപ്‌സർക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്‌ക് രാജിവെച്ചത്. അഭിപ്രായഭിന്നതയാണ് അതിനൊരു കാരണമെന്ന് വാർത്തയുണ്ടായിരുന്നു.
ട്രംപ് കാണിച്ചത് നന്ദികേട് -മസ്‌ക്
: തിരഞ്ഞെടുപ്പിൽ താൻ പിന്തുണച്ചിരുന്നില്ലെങ്കിൽ ട്രംപ് തോറ്റേനെയെന്ന് അദ്ദേഹത്തിന്റെ പരാമർശത്തോട് വ്യാഴാഴ്ച മസ്ക് പ്രതികരിച്ചു. “കാണിച്ചത് അങ്ങേയറ്റത്തെ നന്ദികേടാണ്” -മസ്ക് എക്സിൽ കുറിച്ചു. ട്രംപും മസ്‌കും പരസ്യമായി കൊമ്പുകോർത്തതിനുപിന്നാലെ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത കാർ നിർമാണകമ്പനിയായ ടെസ്‍ലയുടെ ഓഹരി എട്ടുശതമാനം ഇടിഞ്ഞു. വൈദ്യുതവാഹനങ്ങൾക്കുള്ള സബ്‌സിഡി നഷ്ടപ്പെടുമെന്ന് താൻ ഭയപ്പെട്ടിരുന്നെന്ന ട്രംപിന്റെ പുതിയ ആരോപണം തെറ്റാണെന്ന് മസ്ക് പറഞ്ഞു.