കോഴിക്കോട്: സംസ്ഥാനത്ത് പോലീസ് ടെലികമ്യൂണിക്കേഷന്‍ സംവിധാനം അനലോഗ് കമ്യൂണിക്കേഷനില്‍നിന്ന് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ 9.7 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഎംആര്‍ടയര്‍-രണ്ട് എന്ന ടെക്നോളജിയുള്ള കമ്യൂണിക്കേഷന്‍ സംവിധാനമാണ് നടപ്പാക്കുന്നത്. രണ്ടുജില്ലകളിലും ഈ മാസം പുതിയ സംവിധാനം കമ്മിഷന്‍ ചെയ്യാനാണ് തീരുമാനം.
തിരുവനന്തപുരത്ത് ക്രമസമാധാനപാലനത്തിനും ഗതാഗതസംവിധാനത്തിനും ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം.
കൊച്ചിയില്‍ ക്രമസമാധാനവിഭാഗത്തിന് മാത്രമേ ഡിജിറ്റല്‍ സംവിധാനമുണ്ടാകൂ. രണ്ടാംഘട്ടത്തില്‍ കോഴിക്കോടും കണ്ണൂരും ഇത് നടപ്പാക്കാനായി അഞ്ചുകോടി രൂപ നല്‍കാനാണ് തീരുമാനം.
ക്രമസമാധാനപാലനത്തിനിടയിലോ മറ്റു അടിയന്തരഘട്ടങ്ങളിലോ സന്ദേശം കൈമാറണമെങ്കില്‍ പ്രശ്‌നബാധിത സ്ഥലത്തെ ഫോട്ടോസഹിതം കണ്‍ട്രോള്‍റൂമിലേക്ക് കൈമാറാന്‍ പോലും ഡിഎംആര്‍ടയര്‍ -രണ്ട് എന്ന സാങ്കേതികവിദ്യയിലൂടെ സാധിക്കും. തിരുവനന്തപുരത്ത് ഡിഎംആര്‍ വയര്‍ലെസ് നെറ്റ് വര്‍ക്ക് സംവിധാനം പരീക്ഷണാര്‍ഥം കളക്ടറേറ്റ്, ടെക്‌നോപാര്‍ക്ക്-തേജസ്വിനി, മുട്ടക്കാട്, പോലീസ് ആസ്ഥാനം, വികാസ് ഭവന്‍, കന്റോണ്മെന്റ് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.
അനലോഗ് കമ്യൂണിക്കേഷന്‍ പൂര്‍ണമായും ഒഴിവാക്കി ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിലേക്ക് മാറാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ സുരക്ഷിതമായി കൈമാറാനും മറ്റു സന്ദേശങ്ങള്‍ കടന്നുവരാതിരിക്കാനും ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ വേണം. ഒന്നില്‍കൂടുതല്‍ സന്ദേശങ്ങള്‍ ഒരേസമയം അയക്കാനും കഴിയും.
മറ്റു സന്ദേശങ്ങള്‍ കടന്നുവന്നാല്‍ കണ്‍ട്രോള്‍റൂമിലിരുന്നുകൊണ്ട് അത് ഓഫ് ചെയ്യാനും ഡിജിറ്റല്‍ കമ്യൂണിക്കേഷനില്‍ സാധ്യമാണ്. അതായത് മൊബൈല്‍ഫോണ്‍ പോലെ ഉപയോഗിക്കാന്‍ സാധിക്കും. ഡിജിറ്റല്‍ കമ്യൂണിക്കേഷന് കൂടുതല്‍ ടവര്‍ ആവശ്യമുണ്ട്. ഒരേ നെറ്റ് വര്‍ക്കില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നപോലെ ഒരേ നെറ്റ്വര്‍ക്കില്‍നിന്നുതന്നെ പല യൂസര്‍ ഗ്രൂപ്പുകളുണ്ടാക്കാം.