കൊച്ചി: കതൃക്കടവിലെ മില്ലേനിയന്‍സ് പബ്ബില്‍ ഡിജെ പാര്‍ട്ടിക്കിടെ ശനിയാഴ്ച രാത്രിയുണ്ടായ സംഭവങ്ങളില്‍ പോലീസ് രണ്ട് കേസുകളെടുത്തു. മദ്യവിതരണ രേഖകളിലെ പൊരുത്തക്കേടില്‍ ബാര്‍ ഉടമയുടെ പേരില്‍ എക്‌സൈസും കേസ് എടുത്തിട്ടുണ്ട്.
എറണാകുളത്ത് ജോലിചെയ്യുന്ന ഉദയംപേരൂര്‍ സ്വദേശിനിയായ യുവതിയുടെ പേരിലാണ് ആദ്യ കേസ്. ഇവരോട് അപമര്യാദയായി പെരുമാറിയയാളെ ഗ്ലാസ് കൊണ്ട് അടിച്ചതിനാണ് കേസ്. യുവതിയോട് അപമര്യാദയായി പെരുമാറിയ തൊടുപുഴ സ്വദേശി ബഷീറിന്റെ (39) പേരിലാണ് രണ്ടാമത്തെ കേസ്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ബഷീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാള്‍ ആശുപത്രിയില്‍ തുടരുകയാണ്.
യുവാവ് അപമര്യാദയായി പെരുമാറിയപ്പോള്‍ വൈന്‍ ഗ്ലാസ് കൊണ്ട് യുവതി അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബഷീറിന്റെ ഇടത് ചെവിക്കു പിന്നില്‍ അടിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. നാല് തുന്നിക്കെട്ടുണ്ട്.
കതൃക്കടവ്-തമ്മനം റോഡിലെ മില്ലേനിയന്‍സ് പബ്ബില്‍ ഡിജെ പാര്‍ട്ടിക്കിടെ ശനിയാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. ഉദയംപേരൂര്‍ സ്വദേശിനിയും സുഹൃത്തുക്കളുമടങ്ങുന്ന സംഘവും തൊടുപുഴ സ്വദേശിയായ യുവാവിന്റെ സുഹൃത്തുക്കളുടെ സംഘവും ശനിയാഴ്ച പാര്‍ട്ടിക്ക് എത്തിയിരുന്നു. ഇരുണ്ട വെളിച്ചത്തില്‍ യുവതിയെ ഉപദ്രവിക്കാന്‍ യുവാവ് ശ്രമിച്ചെന്നാണ് പോലീസിനു നല്‍കിയ പരാതി. താക്കീത് ചെയ്‌തെങ്കിലും വീണ്ടും ആവര്‍ത്തിച്ചതോടെ യുവതി ഗ്ലാസ് കൊണ്ട് അടിക്കുകയായിരുന്നു. ബഹളമായതോടെ ഡിജെ നിര്‍ത്തിവെച്ചു. സിനിമാ മേഖലയിലുള്ളവരടക്കം പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പോലീസ് സന്നാഹംതന്നെ സ്ഥലത്ത് എത്തിയതോടെ കതൃക്കടവ്-തമ്മനം റോഡില്‍ ആളുകളും കൂടി. വന്‍ പോലീസ് സംഘമെത്തിയാണ് ഇവരെ മാറ്റിയത്. തുടര്‍ന്ന് രാത്രി യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് യുവതിയുടെ പേരില്‍ കേസ് എടുത്തത്. ഇതിനിടെ സിസി ടിവി ദൃശ്യം പോലീസ് പരിശോധിച്ച് യുവതിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെയാണ് ബാര്‍ മറ്റൊരു കമ്പനിക്ക് നടത്തിപ്പിനായി ഉടമ കൈമാറിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ ഡിജെ പതിവാണ്.
സംഭവം നടക്കുമ്പോള്‍ യുഎഇയില്‍നിന്നുള്ള സംഘമാണ് ഡിജെ അവതരിപ്പിച്ചിരുന്നത്. ബാര്‍ നടത്തിപ്പില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പോലീസും എക്‌സൈസും പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം തുടങ്ങിയതായി എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു.
എക്‌സൈസ് കേസെടുത്തു
മദ്യവിതരണ രേഖകളിലെ പൊരുത്തക്കേടിനെ തുടര്‍ന്ന് ബാര്‍ ഉടമയുടെപേരില്‍ എക്‌സൈസ് കേസെടുത്തു. സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രേഖകളില്‍ പൊരുത്തക്കേട് എക്‌സൈസ് കണ്ടെത്തിയത്. മദ്യം വിളമ്പാന്‍ അനുമതിയില്ലാത്ത കെട്ടിടത്തിലാണ് ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബാര്‍ നടത്തുന്നതിന് ഉടമ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പുതന്നെ ഇവര്‍ ബാര്‍ ആരംഭിച്ചതായി കണ്ടെത്തിയെന്നും എക്‌സൈസ് ഓഫീസര്‍ പറഞ്ഞു.
അന്ന് വെടിവെപ്പ്, ഇപ്പോള്‍ ഗ്ലാസ് പൊട്ടിച്ച് അടി
ഒരു വര്‍ഷം മുന്‍പ് വെടിവെപ്പ് നടന്ന ബാറിലാണ് യുവതി കുപ്പികൊണ്ട് യുവാവിനെ അടിച്ച സംഭവവും നടന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇതേ ബാറിന്റെ മുന്നില്‍ വെടിവെപ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാര്‍ പൂട്ടിയപ്പോള്‍ അവിടെ നിന്നിറങ്ങി ഇവിടെയെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതു ചോദ്യംചെയ്ത മാനേജരെ പ്രതികള്‍ മര്‍ദിച്ചു. ഓടിവന്ന മറ്റ് ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ യുവാക്കളിലൊരാള്‍ തോക്കെടുത്തു വെടിവയ്ക്കുകയായിരുന്നു.