കുറ്റിപ്പുറം : സംസ്ഥാനത്ത് പശുക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 13 ലക്ഷം പശുക്കൾ ഉണ്ടായിരുന്നത് ഒൻപതുലക്ഷമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് ദേശീയ തലത്തിൽ നടത്തിയ 21-ാം ലൈവ് സ്റ്റോക്ക് സർവേയിൽ കണ്ടെത്തൽ. ഇതുകണക്കിലെടുത്ത് പശുവളർത്തൽ മെച്ചപ്പെടുത്താൻ ശാസ്ത്രീയ നിർദേശങ്ങളുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള രംഗത്തെത്തി.
To advertise here, Contact Us
പാൽ ഉത്പാദനച്ചെലവിന് അനുസൃതമായി വില ലഭിക്കാത്തതും പശുക്കളുടെ അസുഖങ്ങളും കർഷക സൗഹൃദപദ്ധതികളുടെ അഭാവവുമാണ് ക്ഷീരകർഷകർ ഈ മേഖലയെ കൈയൊഴിയാൻ കാരണമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ഒരു ലിറ്റർ പാലിന് 56 രൂപ ഉത്‌പാദനച്ചെലവ് വരും. എന്നാൽ, സൊസൈറ്റികളിൽനിന്ന് കർഷകർക്ക് ലഭിക്കുക ലിറ്ററിന് 46 രൂപ മാത്രമാണ്. സഹായങ്ങൾ എല്ലാംകൂടി കണക്കാക്കിയാലും 50 രൂപയിൽക്കൂടുതൽ വരുന്നില്ല. ഉത്‌പാദനച്ചെലവ് കുറയ്ക്കുക മാത്രമാണ് ഏക പോംവഴി. വിലയിരുത്തലുകളും നിർദ്ദേശങ്ങളും അടങ്ങിയ നിവേദനം മൃഗസംരക്ഷണ മന്ത്രി, ആസൂത്രണ ബോർഡ് അധ്യക്ഷൻ തുടങ്ങിയവർക്ക് സമർപ്പിച്ചതായി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വി.കെ.പി. മോഹൻകുമാർ അറിയിച്ചു.
പ്രധാന നിർദേശങ്ങൾ
തീറ്റച്ചെലവ് കുറയ്ക്കാനായി ഫോഡർ ബാങ്കുകളും സൈലേജ് ഉത്‌പാദനവും പ്രോത്സാഹിപ്പിക്കണം.
തരിശുനിലങ്ങളിലും വലിയ വൃക്ഷങ്ങളുടെ ഇടവിളയായും തീറ്റപ്പുൽ വളർത്തൽ പ്രോത്സാഹിപ്പിക്കണം.
ചെറുകിട കർഷകർക്ക് സൊസൈറ്റികൾ മുഖേന സമീകൃത കാലിത്തീറ്റ നൽകണം.
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്.
പാൽ ഉത്‌പാദനങ്ങളുടെയും കോഴിമുട്ടയുടെയും വിപണനത്തിനായി വകുപ്പ് വിപണനകേന്ദ്രങ്ങൾ തുടങ്ങണം.
ക്ഷീരകർഷകർക്ക് കറവയിൽ പരിശീലനംനൽകുകയും പോർട്ടബിൾ മിൽക്കിങ് മെഷീൻ ഉപയോഗിക്കാൻ പഠിപ്പിക്കുകയും ചെയ്യണം.
പശുവളർത്തൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം.
വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവർക്ക് സഹായധന നിയന്ത്രണം ഒഴിവാക്കണം.
പ്രതിരോധ കുത്തിവെപ്പുകൾ സമയബന്ധിതമായി നടപ്പാക്കണം.
ഉരുക്കൾക്ക് തക്കസമയത്ത് ശാസ്ത്രീയചികിത്സ ലഭ്യമാക്കണം.