കഴക്കൂട്ടം: മോഡലും കൊറിയോഗ്രാഫറുമായ യുവാവ് ടെക്നോപാർക്കിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പണം തട്ടിയെടുത്തെന്ന പരാതിയിൽ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരി തിരുവമ്പാടി കൂടരഞ്ഞി പാലകണ്ണിയിൽ ഫാഹിദ്(27) ആണ് അറസ്റ്റിലായത്.
പലപ്പോഴായി യുവതിയിൽനിന്നു വലിയ തുകകൾ വാങ്ങിയ ഇയാൾ മാസങ്ങൾക്കുശേഷം ബന്ധത്തിൽനിന്നു പിന്മാറിയെന്നാണ് പരാതി. അന്വേഷിച്ചപ്പോൾ ഇതുപോലെ നിരവധിപേരെ ഇതേരീതിയിൽ കബളിപ്പിച്ചതായി അറിഞ്ഞെന്നും തുടർന്നാണ് കഴക്കൂട്ടം പോലീസിനെ സമീപിച്ചതെന്നുമാണ് യുവതി പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ പതിനായിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഫാഹിദ് മിക്ക ജില്ലകളിലും ഫാഷൻ ഷോകൾക്ക് കൊറിയോഗ്രാഫറായി പ്രവർത്തിക്കുന്നുണ്ട്.
ഇവിടെനിന്നു പരിചയപ്പെടുന്ന പെൺകുട്ടികളെ ഇയാൾ പ്രണയം നടിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്തെത്തുമ്പോൾ ഇയാളുടെ ചെലവ് വഹിച്ചിരുന്നത് പരാതിക്കാരിയായ യുവതിയാണ്. ഇയാൾക്ക് ബൈക്കും ഇവർ വാങ്ങിനൽകിയിരുന്നു.
കഴക്കൂട്ടം എസ്‌എച്ച്ഒ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്നു പിടികൂടിയ ഫാഹിദിനെ കോടതി റിമാൻഡ് ചെയ്തു.