മസ്‌കത്ത്: ദുബായില്‍നിന്നുള്ള യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ നിരുത്തരവാദ നടപടി. വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെട്ട നിരവധി യാത്രക്കാര്‍ ഇപ്പോഴും മസ്‌കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ 14 പേരുടെ ലഗേജ് ഇനിയും നാട്ടില്‍ എത്തിയിട്ടുമില്ല.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദുബായില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ഐഎക്‌സ് 436-ലെ യാത്രക്കാരാണ് കൊടും ദുരിതത്തില്‍ കഴിയുന്നത്. ദുബായില്‍നിന്ന് പറന്നുയര്‍ന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാങ്കേതിക തകരാറിന്റെ പേരില്‍ വിമാനം മസ്‌കത്ത് വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പകലും വിമാനത്താവളത്തിലും ഹോട്ടലിലുമായാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ കഴിഞ്ഞത്. മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലുമെല്ലാം പങ്കെടുക്കാന്‍ പോകുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.
യാത്രക്കാര്‍ ബഹളം വച്ചതോടെ 14 പേരെ മസ്‌കത്തില്‍നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ചെന്ന് ആന്റോ ജോസഫ് എന്ന യാത്രക്കാരന്‍ പറഞ്ഞു. കുറച്ചുപേരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തും എത്തിച്ചു. എന്നാല്‍, ഇവരുടെ ലഗേജ് നാട്ടിലെത്തിച്ചതുമില്ല. പ്രിയപ്പെട്ടവര്‍ക്കായി വാങ്ങിയ സാധനങ്ങള്‍ എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് യാത്രക്കാര്‍.
ഇരുപതിനായിരം രൂപയോളം നല്‍കിയാണ് യാത്രക്കാര്‍ ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്തത്. ഇവരെയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് നിരുത്തരവാദ നടപടിയിലൂടെ പെരുവഴിയിലാക്കിയതെന്നും യാത്രക്കാർ ആരോപിക്കുന്നു.