ബെംഗളൂരു: ഭാഷാവിവാദത്തെ തുടർന്ന് കർണാടകയിൽ പ്രദർശനമില്ലാത്തതിനാൽ കമൽഹാസന്റെ സിനിമയായ ‘തഗ് ലൈഫി’ന് കളക്‌ഷൻ ഇനത്തിൽ 35 കോടിയോളം രൂപ കുറയാൻ സാധ്യത. സമീപകാലത്ത് തമിഴിലെ പ്രധാനതാരങ്ങളുടെ ചിത്രങ്ങൾക്ക് കർണാടകയിൽനിന്ന് ലഭിച്ച വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.
രജനി, വിജയ്, കമൽ തുടങ്ങിയവരുടെ ചിത്രങ്ങളുടെ കർണാടകയിൽനിന്നുള്ള കളക്‌ഷൻവിഹിതം ഏഴുശതമാനമാണ്. ഇതുപ്രകാരം തഗ് ലൈഫിന്റെ വരുമാനത്തിൽ 35-40 കോടി രൂപ കുറവുണ്ടായേക്കും.
ഏറ്റവും ഒടുവിൽ ഹിറ്റായ കമലിന്റെ ‘വിക്രം’ നേടിയ ആകെ കളക്ഷൻ 500 കോടി രൂപയായിരുന്നു. ഇതിൽ 35 കോടി രൂപയിലേറെ കർണാടകയിൽനിന്നാണ്. 2022-ലാണ് വിക്രം റിലീസ് ചെയ്തത്. മണിരത്‌നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘തഗ് ലൈഫി’നെ ഏറെ പ്രതീക്ഷയോടെയാണ് കർണാടകയിലെ ആരാധകരും കാത്തിരുന്നത്. അതിനാൽ സംസ്ഥാനത്തുനിന്ന് മികച്ച കളക്‌ഷൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കമലിന്റെ പരാമർശത്തെ തുടർന്നുള്ള ഭാഷാവിവാദം തിരിച്ചടിയായിരിക്കുകയാണ്.
ചിത്രം പ്രദർശിപ്പിക്കുന്നതിന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സുമായി ചർച്ചനടത്താൻ കമൽഹാസൻ തയ്യാറാണ്. എന്നാൽ, കമൽ ക്ഷമാപണം നടത്താതെ ചർച്ചയില്ലെന്ന നിലപാടിലാണ് ഫിലിം ചേംബർ. കന്നഡ അനുകൂല സംഘടനകളും ക്ഷമാപണം വേണമെന്ന നിലപാടിലാണ്. വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.