കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യം കടലിനെമാത്രമല്ല, തീരത്തെത്തുന്ന മറ്റെല്ലാ ജീവികളെയുംപോലെ ദേശാടനപ്പക്ഷികളെയും ബാധിക്കുന്നു. പ്ലാസ്റ്റിക് കൊക്കിലൊതുക്കി നിൽക്കുന്ന ഞണ്ടുണ്ണി (ക്രാബ് പ്ലോവർ) എന്ന ഈ ദേശാടനപ്പക്ഷിയെ കഴിഞ്ഞമാസമാണ് കാപ്പാട് തീരത്ത് കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യം തീരത്ത് നിറയുമ്പോൾ അവിടെയെത്തുന്ന ജീവജാലങ്ങളും സുരക്ഷിതരല്ലെന്നതിന്റെ സൂചനയാണിത്. ‘പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക’ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനസന്ദേശം.
സമുദ്രമലിനീകരണത്തിന്റെ 80 ശതമാനവും പ്ലാസ്റ്റിക്കാണ്. എട്ടുമുതൽ 10 മില്യൺ മെട്രിക് ടൺ പ്ലാസ്റ്റിക് എല്ലാ വർഷവും സമുദ്രത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. യുനെസ്‌കോ ഓഷ്യൻ ലിറ്ററസി പോർട്ടലിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൈക്രോ പ്ലാസ്റ്റിക്കായി മാറുന്ന പ്ലാസ്റ്റിക് ശരീരത്തിലെത്തിയാണ് പല ജീവജാലങ്ങൾക്കും ജീവൻതന്നെ നഷ്ടമാകുന്നത്. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ പ്രോജക്ട് എക്കോമറൈൻ സംഘം നടത്തിയ പഠനത്തിൽ പ്ലാസ്റ്റിക് മലിനീകരണം കടലിലെ ജൈവവൈവിധ്യത്തിന് നാശമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.
സെപ്റ്റംബർമുതൽ മേയ് വരെയുള്ള കാലയളവിലാണ് പൊതുവേ ദേശാടനപ്പക്ഷികളെത്തുന്നത്. ഞണ്ടുണ്ണിയും അത്തരത്തിൽ എത്തിയതാണ്. മൂന്നെണ്ണംമാത്രമാണ് ഇക്കുറി എത്തിയത്. 2023-ൽ തമിഴ്‌നാട്ടിലെ പക്ഷിസങ്കേതത്തിൽ ഇവ പ്രജനനം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇറാൻ-ഒമാൻ തീരങ്ങളിലൊക്കെയാണ് പൊതുവേ ഇവയെ കാണാറുള്ളത്. ദേശാടനപ്പക്ഷികൾ കുറയാനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കാരണമാകുന്നുണ്ട്.
“പ്ലാസ്റ്റിക് വലിയ അപകടമാണുണ്ടാക്കുന്നത്. ഉപേക്ഷിക്കപ്പെട്ട വലയിൽ കുടുങ്ങി പലപ്പോഴും പക്ഷികളും മറ്റു ജീവജാലങ്ങളും ചത്തുപോകുന്നുണ്ട്. ചിലതിന്റെ കഴുത്തിൽ പ്ലാസ്റ്റിക് വളയം കുരുങ്ങും. പല രീതിയിൽ ആഹാരത്തിനൊപ്പം പ്ലാസ്റ്റിക് വയറ്റിലെത്തും. പറക്കാൻ പറ്റാതെ, ആഹാരം കൃത്യമല്ലാതെ പക്ഷികൾ ചാകുന്നുണ്ട്” -പക്ഷിഗവേഷകനായ ഡോ. അബ്ദുള്ള പാലേരി പറഞ്ഞു.