പത്തനംതിട്ട: അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് 15 ശതമാനം വര്‍ധന. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം അഞ്ചുകൊല്ലത്തിനിടെ ഗണ്യമായികൂടിയതാണ് ദേവസ്വത്തിന്റെ ഇത്തരമൊരു വിലയിരുത്തലിന് അടിസ്ഥാനം. വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്നാട്ടില്‍നിന്നുള്ള ഭക്തരായിരുന്നു എണ്ണത്തില്‍ ഒന്നാമത്. ഓരോ സംസ്ഥാനത്തുനിന്നും വരുന്നവരുടെ കണക്കുകള്‍ കൃത്യമായി എടുത്തിട്ടില്ലെങ്കിലും വെര്‍ച്വല്‍ ക്യൂവിലെ ബുക്കിങ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെലങ്കാനയാണ് ഒന്നാമത്. ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ കൂടുതലായി ഓടിച്ചുതുടങ്ങിയതോടെയാണ് തെലങ്കാനയില്‍നിന്നും ആന്ധ്രയില്‍നിന്നും വര്‍ധന ഉണ്ടായത്. സിക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ശബരിമല സ്പെഷ്യലായി ഓടിച്ചത്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍നിന്നും ട്രെയിന്‍വഴി അയ്യപ്പന്‍മാര്‍ എത്തുന്നുണ്ടെന്നാണ് റെയില്‍വേ പറയുന്നത്. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളില്‍ അയ്യപ്പന്‍മാരുടെ ബുക്കിങ് കൂടിവന്നിട്ടുണ്ട്.
ഇപ്പോള്‍ ട്രെയിനില്‍ വരുന്ന തീര്‍ഥാടകരില്‍ 70 ശതമാനവും ചെങ്ങന്നൂരാണ് ഇറങ്ങുന്നത്. ബാക്കി കോട്ടയത്തും. ചെങ്ങന്നൂരില്‍ ഇറങ്ങുന്നവര്‍ക്ക് എരുമേലിയില്‍ പോകാന്‍ കഴിയുന്നില്ലെന്ന പോരായ്മ ഉണ്ടായിരുന്നു. എരുമേലി വരെ ട്രെയിനില്‍ എത്താന്‍ കഴിയുമെങ്കില്‍ അതിനായിരിക്കും അയ്യപ്പന്‍മാരുടെ പ്രഥമ പരിഗണന. കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ ആകെയെത്തിയത് അരക്കോടി ഭക്തരാണ്.
ഒരു വര്‍ഷംകൊണ്ട് കൂടിയത് 37% ശബരി സ്പെഷ്യല്‍ട്രെയിനുകള്‍
കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിലാണ് റെയില്‍വേ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ചത്. 415 എണ്ണം. തൊട്ടു മുന്‍വര്‍ഷത്തെ സീസണില്‍ ഇത് 301 ആയിരുന്നു. 37 ശതമാനം വര്‍ധനയാണുണ്ടായത്.
എരുമേലിയിലും നിലയ്ക്കലും വലിയ മാറ്റംവേണം
എരുമേലിയിലും ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലും വലിയ വികസനം ഉണ്ടാക്കേണ്ടിവരുമെന്ന് ദേവസ്വം കണക്കുകൂട്ടുന്നുണ്ട്. എരുമേലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഏഴുകോടി റോഡ് വികസനത്തിനും ബാക്കി ക്ഷേത്രവികസനത്തിനുമാണ്. വൈകാതെ 10 കോടികൂടി അനുവദിക്കുമെന്നാണ് പ്രതീക്ഷ.
നിലയ്ക്കില്‍ വാഹന പാര്‍ക്കിങ്ങിനുമാത്രമുള്ള ഇടമായി ഇപ്പോള്‍ കാണുന്ന രീതിക്കും മാറ്റംവേണ്ടിവരും. മാസ്റ്റര്‍പ്ലാനില്‍ നിര്‍ദേശിച്ചിരിക്കുന്ന വികസനം ഇവിടെ വേണ്ടിവരും.
ശബരിമല വികസനത്തിന് ഊര്‍ജംപകരും
ശബരിറെയില്‍പ്പാത ശബരിമല വികസനത്തിന് ഊര്‍ജംപകരും. തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തിയും ഉയരും. പദ്ധതിവരുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ദേവസ്വം വൈകാതെ ആലോചനതുടങ്ങും.
-അഡ്വ. പി.എസ്. പ്രശാന്ത്, പ്രസിഡന്റ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്