തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്



തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഞായറാഴ്ച. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിൽ ചമയപ്രദർശനങ്ങൾക്കും ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴുമണിയോടെയാണ് സാമ്പിളിന് തിരികൊളുത്തുക. രാവിലെയാണ് ചമയപ്രദർശനങ്ങളുടെ ഉദ്ഘാടനം. തിങ്കളാഴ്ച പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. ചൊവ്വാഴ്ചയാണ് പൂരം.

തിരുവമ്പാടിയാണ് ആദ്യം സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുക. തുടർന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും.
പാറമേക്കാവ് വിഭാഗം ചമയപ്രദർശനം ഉദ്ഘാടനം രാവിലെ ഒമ്പതിന് ദേവസ്വം അഗ്രശാലയിൽ നടക്കും. തിരുവമ്പാടി ചമയപ്രദർശനം ഉദ്ഘാടനം 10-ന് കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ രണ്ട്‌ ചടങ്ങുകളിലും പങ്കെടുക്കും. ഞായറാഴ്ച രാത്രി 10 വരെയും തിങ്കളാഴ്ച രാത്രി 12 വരെയുമാണ് പ്രദർശനം.
ഞായറാഴ്ച 3.30 മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങൾക്ക് നഗരത്തിന്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനാനുമതിയുണ്ടാകൂ. ബസുകൾക്കും നിയന്ത്രണമുണ്ട്.
ബാരിക്കേഡിന് നിയന്ത്രണം, റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാം
കഴിഞ്ഞ കൊല്ലം തൃശ്ശൂർ പൂരം അലങ്കോലമാകാനിടയാക്കിയ രണ്ട് കാര്യങ്ങളിൽ പരിഹാരമുണ്ടാക്കാൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ശനിയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു.
രാത്രി പാറമേക്കാവ്, തിരുവമ്പാടി പൂരങ്ങൾ പോകുന്ന സമയത്ത് ബാരിക്കേഡ് സ്ഥാപിക്കില്ല എന്നതാണ് പ്രധാനം. സംഘാടകരെപ്പോലും ഈ സമയത്ത് തടഞ്ഞത് കഴിഞ്ഞ കൊല്ലം വിവാദമായിരുന്നു. സ്വരാജ് റൗണ്ടിൽ ഇറങ്ങിനിന്ന് വെടിക്കെട്ട് കാണാൻ അനുവദിക്കുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. കഴിഞ്ഞ പൂരത്തിന് മണിക്കൂറുകൾ കാത്തുനിന്നവർപോലും വെടിക്കെട്ട് കാണാനാകാതെ തിരിച്ചുപോയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത്തരം സംഭവങ്ങളെത്തുടർന്നാണ് കഴിഞ്ഞ പൂരത്തിന്റെ ചടങ്ങുകൾ അലങ്കോലമായതും വലിയ രാഷ്ട്രീയ ആരോപണങ്ങൾക്ക് കാരണമായതും.
മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാജൻ, ആർ. ബിന്ദു, കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടങ്ങിയവരും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, മേയർ എം.കെ. വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال