ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസ്: പ്രതി സുകാന്തിനെ റിമാൻഡ് ചെയ്തു


കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിലെ പ്രതി സുകാന്തിനെ റിമാൻഡ് ചെയ്തു. ഇന്നലെയാണ് കേസിലെ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങിയത്. കൊച്ചി ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് സുരേഷ് കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പൊലീസിനെതിരെ യുവതിയുടെ കുടുംബം ആരോപണം ഉയര്‍ത്തിയതിനിടെയാണ് പ്രതി കൊച്ചിയിൽ കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി കൊച്ചി ‍ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ടു മാസത്തോളം ഒളിവിൽ കഴിഞ്ഞശേഷമാണ് സുകാന്തിന്‍റെ നാടകീയ കീഴടങ്ങൽ. ഇക്കഴിഞ്ഞ മെയ് 22ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയുന്നതുവരെ സുകാന്തിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇന്നലെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സുകാന്ത് കീഴടങ്ങിയതെന്നാണ് സൂചന. 

അതേസമയം, ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പൊലീസ് അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ രം​ഗത്തെത്തിയിരുന്നു. മരണം ഉണ്ടായി രണ്ടു മാസമായിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തിൽ ആക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണെന്നും പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞിരുന്നു. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال