വിപിൻ പേഴ്‍സണല്‍ മാനേജറല്ലെന്ന് ഉണ്ണി മുകുന്ദൻ



കൊച്ചി: വിപിന്‍ കുമാറിന്‍റെ പരാതിയില്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദൻ. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്‍റെ കരിയര്‍ നശിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നും നടന്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്‍റെ പ്രതികരണം.


'2018ൽ എൻ്റെ സ്വന്തം പ്രൊഡക്ഷനിൽ ആദ്യ സിനിമ നിർമ്മിക്കാനൊരുങ്ങുമ്പോഴാണ് വിപിൻ കുമാർ എന്നെ ബന്ധപ്പെടുന്നത്. സിനിമയിലെ പ്രശസ്തരായ പലരുടെയും പിആർഒ ആയിരുന്നു താനെന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. എൻ്റെ പേഴ്‌സണൽ മാനേജരായി വിപിനെ ഞാൻ ഒരിക്കലും നിയമിച്ചിട്ടില്ല. പിന്നീട് എൻ്റെ ജോലിയെ സാരമായി ബാധിച്ച നിരവധി പ്രശ്‌നങ്ങൾ ഈ വ്യക്തി കാരണം സംഭവിക്കുന്നതായി എൻ്റെ ശ്രദ്ധയിൽപ്പെട്ടു. വിപിനുമായി ബന്ധപ്പെട്ട് പ്രമുഖരായ നിർമാതാക്കളിൽ നിന്നും പരാതികള്‍ ലഭിക്കാനും തുടങ്ങി. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും അങ്ങേയറ്റം ക്ഷമിക്കാനാകത്തൊരു കാര്യം വിപിൻ ചെയ്തു. ഒരുതരത്തിലുമുള്ള ശാരീര ആക്രമണങ്ങളും ഈ വ്യക്തിക്കെതിരെ നടന്നിട്ടില്ല. ആരോപണങ്ങളെല്ലാം അസത്യമാണ്' എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. തനിക്കെതിരെ തികച്ചും തെറ്റായതും വ്യാജവും ഭയപ്പെടുത്തുന്നതുമായ ആരോപണങ്ങളാണ് വിപിന്‍ പ്രചരിപ്പിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال