അഗളി: അട്ടപ്പാടിയില്‍ 19 വയസ്സുള്ള ആദിവാസിയുവാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അട്ടപ്പാടി ചിറ്റൂര്‍ ഉന്നതിയിലെ ഷിജുവിനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് മര്‍ദിച്ചതെന്നാണ് ഷിജു പറയുന്നത്. ആദിവാസിയുവാവ് മധുവിനെ 2018-ല്‍ കെട്ടിയിട്ട് മര്‍ദിച്ചതിന് സമാനമായ സംഭവമാണിത്. കുറ്റക്കാരുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. വാഹനത്തിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഷിജുവിനെ കെട്ടിയിട്ട് മര്‍ദിച്ചവര്‍തന്നെ ചിത്രം പകര്‍ത്തി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്‌ചെയ്തു. ഈ ചിത്രം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മര്‍ദനവിവരം പുറത്തറിഞ്ഞത്. പ്രദേശവാസികളായ ആറുപേര്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഷിജുവിനെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു. ചികിത്സ തേടിയശേഷം ഇയാള്‍ വീട്ടിലേക്കുപോയി. ശരീരവേദനയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമായതോടെ തിങ്കളാഴ്ച വീണ്ടും അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. വിദഗ്ധചികിത്സയ്ക്കായി ഷിജുവിനെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റതിന്റെ മുറിപ്പാടുകള്‍ കണ്ണിലും ശരീരത്തിലുമുണ്ട്.
അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍നിന്ന് ശനിയാഴ്ചതന്നെ അഗളി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചിരുന്നതായി സൂപ്രണ്ട് ഡോ. ഇ.പി. ഷെരീഫ പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ചവരെയും പോലീസ് കേസെടുത്തില്ല. മര്‍ദനവിവരം പുറത്തുവന്നതിനുശേഷം ചൊവ്വാഴ്ച വൈകീട്ടാണ് അഗളി പോലീസ് ആശുപത്രിയിലെത്തി ഷിജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. രാത്രി ഏഴുമണിയോടെ പേരറിയാത്ത വാഹനത്തിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
അതേസമയം, ഷിജു അഞ്ചുവാഹനങ്ങള്‍ തകര്‍ത്തതായും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിലായിരുന്നെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് അഗളി എസ്‌ഐ ആര്‍. രാജേഷ് പറഞ്ഞു. വാഹനയുടമ ജോയിയുടെ മകന്‍ ജീന്‍സണ്‍ നല്‍കിയ പരാതിയില്‍ രണ്ടുദിവസംമുന്‍പ് ഷിജുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ഷിജു ആശുപത്രിയില്‍ ചികിത്സതേടിയതെന്നുമാണ് പോലീസ് പറയുന്നത്.
കേസെടുക്കാന്‍ നിര്‍ദേശംനല്‍കി -മന്ത്രി ഒ.ആര്‍. കേളു
പാലക്കാട്: ഷിജുവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. സംഭവത്തിന്റെ വസ്തുത അന്വേഷിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.