സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത ലയിപ്പിച്ച് ശമ്പളം കൂട്ടാൻ സർക്കാർ



തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും മുന്‍കാലങ്ങളിലേതുപോലെ പ്രത്യേക കമ്മിഷന്‍ രൂപവത്കരിക്കാന്‍ സാധ്യതയില്ല.

ശമ്പളവര്‍ധന നടപ്പാക്കാന്‍ ധനകാര്യവകുപ്പിനുകീഴില്‍ സെക്രട്ടറിതലസമിതി രൂപവത്കരിക്കാനാണ് നീക്കം. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രായോഗികസാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള പരിഷ്‌കാരം നടപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ 10 മാസമേയുള്ളൂ. ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിച്ചും അതിനൊപ്പം നിശ്ചിത ആനുകൂല്യംകൂടി ഉള്‍പ്പെടുത്തിയുമുള്ള പരിഷ്‌കാരമാണ് പരിഗണനയില്‍.
2019 ജൂലായ് മുതല്‍ 2024 ജൂലായ് വരെയുള്ള കണക്കില്‍ 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയുണ്ട്. 15 ശതമാനം നിലവിലുള്ള ഡിഎയും കുടിശ്ശികയും അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിച്ചാല്‍ ജീവനക്കാര്‍ക്ക് മോശമല്ലാത്ത വര്‍ധനയുണ്ടാകും. ശുപാര്‍ശ തയ്യാറാക്കുമ്പോഴേക്കും ജനുവരിയിലെ ഡിഎ കൂടി പരിഗണിക്കേണ്ടിവരും. ഇതിനുപുറമേ, ഫിറ്റ്നസ് അലവന്‍സും മറ്റും കൂട്ടി ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന തരത്തിലാകും പരിഷ്‌കാരം.
തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ആദ്യം ശമ്പളവര്‍ധന നടപ്പാക്കിയശേഷം, സര്‍വീസിലെ മറ്റുവശങ്ങള്‍ പഠിക്കാന്‍ മറ്റൊരുസമിതി രൂപവത്കരിക്കാനാണ് സാധ്യത.
ഒടുവിലത്തേത് 11-ാം കമ്മിഷന്‍
ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്ത് 2019 ഒക്ടോബറില്‍ ഡോ. കെ. മോഹന്‍ദാസ് അധ്യക്ഷനായി രൂപത്കരിച്ച 11-ാം ശമ്പളക്കമ്മിഷനാണ് ഒടുവിലത്തേത്. 2021 ജനുവരി 30-ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പരിഷ്‌കാരം നടപ്പാക്കിയത് രണ്ടാം പിണറായി സര്‍ക്കാരായിരുന്നു. കമ്മിഷന്‍ 10 ശതമാനം ഫിറ്റ്നസ് ആനുകൂല്യം ശുപാര്‍ശചെയ്തിരുന്നു.
കേരളം രൂപവത്കൃതമായശേഷം 1958 മാര്‍ച്ചില്‍ രൂപവത്കരിച്ചതാണ് സംസ്ഥാനത്തെ ആദ്യ ശമ്പളക്കമ്മിഷന്‍. ഇഎംഎസ് സര്‍ക്കാര്‍ ശങ്കരനാരായണ അയ്യര്‍ കമ്മിഷനെ നിയോഗിച്ചത് ശമ്പളം പരിഷ്‌കരിക്കാനായിരുന്നില്ല. തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളിലെയും മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലകളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനായിരുന്നു. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ശമ്പള കമ്മീഷനുകള്‍ താഴെപ്പറയുന്നവയാണ്.
1965 : ഒന്നാം ശമ്പളക്കമ്മിഷന്‍ അധ്യക്ഷന്‍ : കെ.എം. ഉണ്ണിത്താന്‍
1968: രണ്ടാം കമ്മിഷന്‍: വി.കെ. വേലായുധന്‍
1977: മൂന്നാം കമ്മിഷന്‍: എന്‍. ചന്ദ്രബാബു
1983: നാലാംകമ്മിഷന്‍: ജസ്റ്റിസ് വി.പി. ഗോപാലന്‍ നമ്പ്യാര്‍
1987: അഞ്ചാംകമ്മിഷന്‍: ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോന്‍
1992: ആറാം കമ്മിഷന്‍: സക്കറിയ മാത്യു
1996: ഏഴാം കമ്മിഷന്‍: പിഎം.അബ്രഹാം
2005: എട്ടാം കമ്മിഷന്‍: ആര്‍. നാരായണന്‍
2009: ഒമ്പതാം കമ്മിഷന്‍: ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു
2013: പത്താം കമ്മിഷന്‍: ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال