ഒമാനില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ മരിച്ചു



ഒമാനിലെ ബൗഷറിൽ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി പങ്കജാക്ഷന്‍, ഭാര്യ കെ സജിത എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി വിശദമാക്കി. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

റസ്റ്റോറന്റിന് മുകളിലത്തെ നിലയിലാണ് പങ്കജാക്ഷനും സജിതയും താമസിച്ചിരുന്നത്. വര്‍ഷങ്ങളായി ഒമാനില്‍ വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ചെന്നൈയിലുള്ള ഏക മകള്‍ ഒമാനിലേക്ക് തിരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال